Sorry, you need to enable JavaScript to visit this website.

കാത്തിരിക്കുന്നത് കടക്കെണിയുടെ മഹാദുരന്തം

സിൽവർ ലൈൻ എന്ന 'സുവർണ സങ്കൽപം' -4

കെ.റെയിലിൽ കേരളം കേറിയാൽ പാളം തെറ്റുമെന്നുറപ്പാണ്. പിന്നീട് പഴയ പ്രതാപത്തിലേക്കൊരു തിരിച്ചുവരവ് വിദൂര സ്വപ്‌നം മാത്രമായിരിക്കും. ഇനി ജീവിതമെന്തെന്ന് ഓർക്കാൻ പോലും പറ്റാത്ത നിലയിലേക്ക് ഭാവി തലമുറക്ക് അതിദാരിദ്ര്യത്തിന്റെ ശതമാനക്കണക്ക് മാത്രം ബാക്കി വെക്കണോ, അതല്ല പ്രത്യുൽപന്ന പദ്ധതികൾ കൊണ്ടുവന്ന് തൊഴിലും ഉൽപാദനവും വർധിപ്പിച്ച് നവകേരളം പണിയാണോ? ചോദ്യം പ്രസക്തമാണ്. കേൾക്കേണ്ടയാൾ കേരള മുഖ്യമന്ത്രിയാണ്.

 

രണ്ട് ലക്ഷം കോടിയാണ് മുതൽമുടക്കേണ്ടിവരിക. അതത്രയും കടമെടുക്കേണ്ടിയും വരും. 1383 ഹെക്റ്റർ ഭൂമിയാണ് ഏറ്റെടുക്കാൻ പോകുന്നത്. 3,21,240 സെന്റ്. ഇതിൽ 87% ഭൂമിയും സ്വകാര്യ ഭൂമിയാണ്. സിൽവർ ലൈൻ കടന്നുപോകുന്നത് തീരദേശത്തിലൂടെയാണ്. അതായത്, നഗരങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും. അതുകൊണ്ടാണ് സർക്കാർ അധീന ഭൂമി നാമമാത്രമായത്. ഇവിടങ്ങളിൽ പൊന്നുംവിലയാണ് ഭൂമിക്ക്. ഭൂമി ഏറ്റെടുക്കാൻ കെ.റെയിൽ പറയുന്നത് 9000 കോടി മതിയാകുമെന്നാണ്. നീതി ആയോഗ് ആവട്ടെ 22,000 കോടി വരുമെന്നും. സെന്റിന് ഏകദേശം ഏഴ് ലക്ഷം രൂപയാണ് അവർ കണക്കാക്കിയിരിക്കുന്നത്. ബഫർ സോൺ ഏറ്റെടുക്കുമെന്ന് കേൾക്കുന്നു. എങ്കിൽ ഇതിന്റെ രണ്ടിരട്ടി സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരും. അപ്പോൾ ഭൂമിക്ക് മാത്രം 66,000 കോടി രൂപ വേണ്ടിവരും.

ഇനിയുമുണ്ട് പ്രശ്‌നം. സർക്കാർ പറയുന്നത് രണ്ട് മുതൽ മൂന്നിരട്ടി വരെ നഷ്ടപരിഹാര തുക കൊടുക്കുമെന്നാണ്. അപ്പോൾ ഭൂമിയേറ്റെടുക്കാൻ തന്നെ രണ്ട് ലക്ഷം കോടി രൂപയായി! ചുരുങ്ങിയത് 20,000 ഭവനങ്ങളും കെട്ടിടങ്ങളും പൊളിച്ചുനീക്കണം. ഓരോന്നിനും മുപ്പതു ലക്ഷം മതിപ്പ് കൂട്ടിയാൽ 6000 കോടി അതിനും വേണം. പുനരധിവാസത്തിന് വേറെയും കാണണ്ടേ? രണ്ട് ലക്ഷം കോടി കൊണ്ടൊന്നും പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് സുവ്യക്തമാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ ദയനീയമാണ്. കഴിഞ്ഞ വർഷത്തെ റവന്യൂ കമ്മി 33,000 കോടി രൂപയാണ്. ധനക്കമ്മി 44,313 കോടിയും. ഇതിനു മുമ്പ് 1999-2000 കാലത്ത് മാത്രമാണ് കേരളം ഇങ്ങനെയൊരവസ്ഥാ വിശേഷത്തിലെത്തിച്ചേർന്നത്. അതിനാൽ തന്നെ 2001 ൽ മുഖ്യമന്ത്രിപദമേറ്റെടുത്ത ആന്റണി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ജീവനക്കാരുടെ ശമ്പളത്തിൽ വരെ കൈവെച്ച അപൂർവ സാഹചര്യം സംസ്ഥാനത്തുണ്ടായി. ഇന്ന് കേരളം അതേയവസ്ഥയിലേക്ക് എത്താനുള്ള ഒരു കാരണം 2020 ൽ നടപ്പിലാക്കിയ മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പള-പെൻഷൻ പരിഷ്‌കരണമാണ്. 12,000 കോടിയുടെ അധിക ബാധ്യതയാണ് അത് സർക്കാരിനുണ്ടാക്കിയത്. കേവലം 12,000 കോടിയുടെ അധിക ബാധ്യത താങ്ങാനാവാത്ത നമുക്കെങ്ങനെ രണ്ടും മൂന്നും ലക്ഷം പ്രാരംഭ നിക്ഷേപവുമായി മുന്നോട്ട് പോകാനാകും?

മൂന്ന് ലക്ഷം പ്രൊഫെഷണൽ ഡിഗ്രിയുള്ളവരും ഒരു ലക്ഷം എൻജിനീയർമാരും ഒരു ലക്ഷം ടെക്നിക്കൽ മെഡിക്കൽ പ്രൊഫഷണൽസുമടക്കം നാൽപത് ലക്ഷം തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കേരളത്തിലുണ്ട്. അതായത് തൊഴിലില്ലായ്മ 10 ശതമാനത്തിന് മുകളിൽ എത്തിയിട്ടുണ്ട്. അവർക്കാവശ്യം തൊഴിലാണ്. സംരംഭകത്വമാണ്. ആശയാണ്. പ്രതീക്ഷയാണ്. ഈയിടെ അതിദരിദ്രരെ കണ്ടെത്താൻ ഒരു ശ്രമം കേന്ദ്രം നടത്തി. കേരളമാണ് ഈ പഠനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം. ഒരു നേരം ഭക്ഷണം കഴിക്കാൻ വകയില്ലാത്ത, ഇരിക്കക്കൂരയില്ലാത്ത അതീവ ദരിദ്രരായ 64,006 കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പുറത്തു വന്നത്. ആദ്യം ഇവരെ പുനരധിവസിപ്പിക്കണ്ടേ? ഇനിയുമുണ്ട് നഗ്‌ന യാഥാർഥ്യങ്ങൾ നമ്മുടെ ഹൃദയമാലിയിപ്പിക്കാവുന്നതായി. നമ്മുടെ ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 70% ഗ്രാമീണ കുടുംബങ്ങൾക്കും 5000 രൂപയിൽ താഴെയാണ് മാസവരുമാനം. 50% പേർ ആശ്രയിക്കുന്നത് കൃഷിയനുബന്ധ കൂലിപ്പണിയെയാണ്. കൃഷിയുടെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഒരു നാട് എങ്ങോട്ടാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമായും മനസ്സിലാക്കാൻ വഴികൾ കുറവാണ്. സാമ്പത്തിക ശാസ്ത്രജ്ഞർ കാര്യങ്ങൾ മനസ്സിലാക്കാഞ്ഞിട്ടല്ല. പറയാഞ്ഞിട്ടുമല്ല. ജനം കേൾക്കുന്നത് ഭരണകൂടത്തെയും പ്രതിപക്ഷത്തെയുമാണ്. രാഷ്ട്രീയത്തിന്റെ പരിമിതി തന്നെ ജനപ്രിയതയാണ് അതിന്റെ മൂലക്കല്ലെന്നതാണ്. അതിനാൽ വിദഗ്ധ പഠനങ്ങളൊന്നും പ്രഭാവലയത്തിലേക്ക് എത്തുകയില്ല. ജനം അറിയുന്നില്ല. ഇതാണ് ഇന്നലെ ശ്രീലങ്കയിൽ നമ്മൾ കണ്ടത്. ഇക്കണക്കിന് പോയാൽ കേരളവും ശ്രീലങ്കയുടെ വഴിയിലേക്ക് എത്തിച്ചേരും. ഒന്നാന്തരം ടൂറിസ്റ്റ് ഡെസ്റ്റിനേഷനായിരുന്നു ശ്രീലങ്ക. വിനോദ സഞ്ചാരികളുടെ പറുദീസ. 3.5 ബില്യൺ അമേരിക്കൻ ഡോളർ വരുമാനം ആ വകയിൽ പ്രതിവർഷം അവർക്ക് കിട്ടിയിരുന്നു. പക്ഷേ, ടൂറിസം നിന്നപ്പോൾ പട്ടിണിയായി.

പട്ടിണി സഹിക്കാമെന്ന് വെക്കാം. എന്നാൽ കടക്കെണിയിലാണ് അവരിന്ന്. അതിൽനിന്ന് കരകയറാനാണ് പാട്. വരുമാനത്തിന്റെ 80% നീക്കിവെച്ചിരുന്നത് ശമ്പളത്തിനും പെൻഷനുമായിരുന്നു. അത്ഭുതമെന്ന് പറയട്ടെ, നമ്മുടെയും വരുമാനത്തിന്റെ 80% പോകുന്നത് ആ വഴിക്കു തന്നെ! അടിസ്ഥാന സൗകര്യ വികസനത്തിനായി ചൈന അവർക്ക് 500 കോടി ഡോളർ കടം കൊടുത്തിരുന്നു. അതുപയോഗിച്ച് ഹംപൻടോടാ പോർട്ട് പണിതു. എക്‌സിം ബാങ്ക് കൊടുത്ത അഞ്ച് ലോണുകളുടെ മൊത്തം തുക 1.263 ബില്യൺ അമേരിക്കൻ ഡോളറാണ്. ഈ  പണത്തിന്റെ പങ്കുപയോഗിച്ച് വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തി. ശ്രീലങ്ക ആഭ്യന്തര പ്രതിസന്ധിയിലായിരുന്നു. ചൈനക്ക് തിരിച്ചടവ് വൈകിയതിനാൽ പലിശയിനത്തിൽ 40% അധികബാധ്യത വന്നു. ഇപ്പോൾ ഹംപൻടോടാ പോർട്ടിന്റെ 70% ചൈനയുടെ സി.എം പോർട്ടിന്റെ അധീനതയിലാണ്, 99 വർഷത്തേക്ക്. കടം കിട്ടും. പക്ഷേ, തിരിച്ചടവിന്റെ ഗ്രേയ്സ് പിരിയഡ് കഴിഞ്ഞാൽ കടക്കെണിയിലാക്കപ്പെടും. നമ്മളും ഈ അവസ്ഥയിലല്ല എത്തിപ്പെടുകയെന്ന് ആരുറപ്പ് നൽകും?

കേരളവും ശ്രീലങ്കയും ചില സമാനതകൾ സാമ്പത്തിക വിഷയത്തിൽ ഉണ്ടെന്നത് സൂചിപ്പിച്ചുവല്ലോ. രാഷ്ട്രീയമായും സമാനതകളുണ്ടെന്നത് അശുഭ സൂചനയാണ്. യഥാർത്ഥത്തിൽ ശ്രീലങ്കയിൽ ഗോത്രാധിപത്യമാണ്. മൃഗീയ ഭൂരിപക്ഷത്തോടെ ഗോതബയ രാജപക്സെ പ്രസിഡന്റായി 2020 ൽ അധികാരത്തിലേറിയ നാൾ മുതൽ രാജപക്സെ കുടുംബമാണ് ശ്രീലങ്കയുടെ കുഞ്ചിക സ്ഥാനങ്ങളിൽ മുഴുക്കെയും. സഹോദരൻ മഹീന്ദ്ര രാജപക്സെ പ്രധാനമന്ത്രിയാണ്. മറ്റൊരു സഹോദരൻ ബസിൽ രാജപക്സെയാണ് ധനമന്ത്രി. കേരളത്തിലും ഏറെക്കുറെ അങ്ങനെ തന്നെ. തനിക്ക് റാൻ മൂളുന്ന ഒരു സംഘത്തെയാണ് മുഖ്യമന്ത്രി കാബിനറ്റിൽ വെച്ചിരിക്കുന്നത്. എല്ലാവരും പുതുമുഖങ്ങൾ. തിരുവായ്ക്ക് എതിർവായ് ഇല്ലാത്ത ഒരവസ്ഥയുണ്ട്.      

കേരളത്തിനാകെയുള്ളത് നികുതി വരുമാനമാണ്. നികുതി വരുമാനമെന്നത് ഒരു തരം പിടിച്ചുപറിയാണ്. അങ്ങനെ പിടിച്ചുനിൽക്കുന്നതല്ല കേമത്തം. നികുതിയിതര വരുമാനം കൂടണം. അതാണ് രാജ്യത്തിന്റെ സമ്പത് പുരോഗതിയുടെ സൂചന. അതിനുള്ള സൃഷ്ടിപരമായ നീക്കങ്ങൾക്ക് കേരളത്തിന്റെ പിന്തുണയുണ്ടാകും. നിലവിൽ കേരളത്തിന്റെ രണ്ട് സാമ്പത്തിക വർഷത്തെ നികുതിയിതര വരുമാനം താരതമ്യം ചെയ്താലറിയാം ശുഭോദർക്കമല്ല സാമ്പത്തിക രംഗമെന്ന്. 2019-20 ൽ 12,265.22 കോടിയായിരുന്നത് ഈ വർഷം 7327.31 കൂടിയായി ചുരുങ്ങി. അതായത് 40%ന്റെ കുറവ്! അപായ സൂചനയാണിത്. സാമ്പത്തികാവലോകന റിപ്പോർട്ടിന്റെയും രാജ്യത്ത് ആദ്യമായി നടന്ന ദരിദ്രരെ കണ്ടെത്താനുള്ള റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കേരളത്തെ അതിവേഗം ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും കുത്തിക്കുകയാണെന്ന് പറയേണ്ടിവരും. അതിനെ മറികടക്കാനുള്ള എന്ത് പരിഹാരമാണ് അർധ വേഗത്തിലോടുന്ന സിൽവർ ലൈൻ വണ്ടിക്കുള്ളത്?

കെ.റെയിലിൽ കേരളം കേറിയാൽ പാളം തെറ്റുമെന്നുറപ്പാണ്. പിന്നീട് പഴയ പ്രതാപത്തിലേക്കൊരു തിരിച്ചുവരവ് വിദൂര സ്വപ്‌നം മാത്രമായിരിക്കും. ഇനി ജീവിതമെന്തെന്ന് ഓർക്കാൻ പോലും പറ്റാത്ത നിലയിലേക്ക് ഭാവി തലമുറക്ക് അതിദാരിദ്ര്യത്തിന്റെ ശതമാനക്കണക്ക് മാത്രം ബാക്കി വെക്കണോ, അതല്ല പ്രത്യുൽപന്ന പദ്ധതികൾ കൊണ്ടുവന്ന് തൊഴിലും ഉൽപാദനവും വർധിപ്പിച്ച് നവകേരളം പണിയണോ? ചോദ്യം പ്രസക്തമാണ്. കേൾക്കേണ്ടയാൾ കേരള മുഖ്യമന്ത്രിയാണ്.

Latest News