കോട്ടയം- പ്രതിപക്ഷ നേതാവ് ഉദ്ഘാടകനായ കെ-റെയിൽ വിരുദ്ധ സമരത്തിൽ നിന്നു വിട്ടു നിൽക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്ത കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനോട് കെ.പി.സി.സി പ്രസിഡന്റ് നേരിട്ടു വിശദീകരണം തേടി. നാട്ടകം സുരേഷിന്റെ വിവാദ വാർത്താ സമ്മേളന ദൃശ്യങ്ങൾ കണ്ട ശേഷമായിരുന്നു സുധാകരന്റെ നടപടി. അതേ സമയം കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ വിഷയത്തിൽ പ്രതികരിച്ചില്ല. ഉമ്മൻ ചാണ്ടിയാകട്ടെ സംഭവത്തിലുള്ള അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ നാട്ടകം തീർത്തും വെട്ടിലായി. നാട്ടകത്തിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്നും വിഷയത്തിൽ കൃത്യമായ വിശദീകരണം വേണമെന്നും കെ. സുധാകരൻ നാട്ടകം സുരേഷിനോട് നിർദേശിച്ചതായാണ് അറിയുന്നത്. ഡി.സി.സിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിലെ സമരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അടിയന്തരമായി കെ.പി.സി.സി പ്രസിഡന്റിനെ കാണമെന്ന് നാട്ടകം സുരേഷിന് നിർദേശം ലഭിച്ചത്. കർശന താക്കീതോടുകൂടിയായാരുന്നു നാട്ടകത്തെ തിരിച്ചയച്ചത്.
നാട്ടകത്തിന്റെ വിശദീകരണം കേൾക്കാൻ പോലും കെ.പി.സി.സി അധ്യക്ഷൻ തയാറായില്ലെന്നാണ് സൂചന. പാർട്ടിയെയും പ്രതിപക്ഷനേതാവിനെയും അപമാനിക്കാൻ നടത്തിയ ഒരു നീക്കവും അംഗീകരിക്കില്ലെന്നും ഡൽഹിയിൽനിന്നും കെ.പി.സി.സി അധ്യക്ഷൻ തിരിച്ചെത്തിയാലുടൻ വീണ്ടും നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കണെമന്നാണ് നാട്ടകം സുരേഷിനോട് നിർദേശിച്ചതത്രെ. അതിനിടെ പ്രതിപക്ഷ നേതാവിനെ കാണാൻ നാട്ടകം ശ്രമിച്ചെങ്കിലും അദ്ദേഹം സന്ദർശനാനുമതി നൽകിയതുമില്ല.
ജില്ലയിലെ യു.ഡി.എഫ് പരിപാടികളിൽ വേണ്ട പരിഗണന നൽകുന്നില്ല എന്ന് ആരോപിച്ചാണ് നാട്ടകം സുരേഷ് വിട്ടുനിന്നത്. പ്രതിഷേധ പരിപാടിയിലേക്ക് തന്നെ സംഘാടകർ ക്ഷണിച്ചില്ലെന്നും നാട്ടകം സുരേഷിന് പരാതിപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളുമായി നാട്ടകം അത്ര നല്ല രസത്തിലല്ലായിരുന്നു. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂരിന്റെ മുമ്പിൽ നടന്ന അച്ചടക്ക രാഹിത്യത്തിന് ഉടൻ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതുകൊണ്ടാണ് ഇക്കാര്യത്തിൽ തിരുവഞ്ചൂർ പ്രതികരിക്കാതിരുന്നത്. നാട്ടകം ഡി.സി.സി പ്രസിഡന്റ് ആയതുമുതൽ ജില്ലയിൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. വെള്ളാപ്പള്ളിയുടെ നോമിനിയായാണ് നാട്ടകം എത്തിയത് എന്നതായിരുന്നു പ്രധാന വിമർശനം. ജില്ലയിലെ പല പരിപാടികളിലും വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്ന് ആദ്യം മുതൽത്തന്നെ പരാതിയും നിലനിന്നിരുന്നു. പല നേതാക്കൾക്കും നാട്ടകത്തിനോട് അതൃപ്തിയുള്ളപ്പോൾ കെ.സി. ജോസഫിന്റെ സംരക്ഷണയിലാണ് നാട്ടകം എന്നും പറയപ്പെടുന്നു.
വിളിക്കാതെ പോകുന്നത് മരണത്തിനു മാത്രമാണെന്നും താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ വിശദീകരണം ഉണ്ടെന്നുമായിരുന്നു നാട്ടകം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. തന്നെ അറിയിക്കാതെ വന്ന സമരത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് നാട്ടകം വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ നേതാവിനെ താഴ്ത്തിക്കെട്ടിയുള്ള ഈ നീക്കത്തിൽ പാർട്ടിയിൽ കടുത്ത വിമർശനം ഉയർന്നു. തിങ്കളാഴച രാവിലെ കോട്ടയത്ത് എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടന്ന സംഭവവികാസങ്ങൾ അതിരുവിട്ടുമെന്ന് നാട്ടകത്തോടു പറഞ്ഞു. സംഘടനാ ചട്ടക്കൂടിൽ നിന്നു പ്രവർത്തിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനിടെ നാട്ടകത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം കെ.പി.സി.സി മുമ്പാകെ എത്തിക്കഴിഞ്ഞിരുന്നു.