ഇടുക്കി - സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച കേസില്‍ ഒരു വര്‍ഷത്തിന് ശേഷം വാഹനവും പ്രതിയും പോലീസ് പിടിയില്‍. വണ്ടന്‍മേട് പാമ്പുപാറയില്‍ വച്ച് സ്‌കൂട്ടി യാത്രക്കാരനായ പുളിച്ചുമൂട്ടില്‍ രാജനെ ഇടിച്ച കേസിലാണ് കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനേയും പ്രതി ഓടിച്ച കെ.എല്‍ 08എഡി 6292 ബോലോറോ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
2021 ജനുവരി 27ന് ആണ് കേസിനാസ്പദമായ സംഭവം. അപകടത്തില്‍ പരിക്കേറ്റ രാജന്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. പുറ്റടി ഭാഗത്തുനിന്നും അണക്കര ഭാഗത്തേക്ക് വരികയായിരുന്ന രാജനെയാണ് ധനശേഖരന്റെ വാഹനം ഇടിച്ചത്. ഈ കേസ് വണ്ടന്‍മേട് പോലീസ് അന്വേഷിച്ചെങ്കിലും തനിയെ വീണതെന്ന് കാട്ടി കേസ് അവസാനിപ്പിച്ചു. പിന്നാലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് രാജന്റെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമാണ് കേസ് അന്വേഷിച്ചത്.
വിശദമായും ശാസ്ത്രീയമായും അന്വേഷണം നടത്തുകയും അപകടം സംഭവിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അപകട സമയത്ത് അവിടെ കൂടിയിരുന്ന ആളുകളില്‍നിന്നു വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് അന്വേഷണസംഘം പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ സജിമോന്‍ ജോസഫ്, ബാബു കെ. എം, സി.പി.ഒമാരായ സിനോജ് ജോസഫ്, ജോബിന്‍ ജോസ്, ടോണി ജോണ്‍ വി. കെ, അനിഷ്, അനൂജ്, ശ്രീകുമാര്‍, സുബിന്‍ എന്നിവരും ഉള്‍പ്പെടും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.