ദുബായ്- ആറു മാസം നീണ്ട ദുബായ് എക്‌സ്‌പോ നയതന്ത്ര-വ്യാപാര മേഖലകളിലടക്കം പുതിയ കൂട്ടായ്മകള്‍ക്കു വഴിയൊരുക്കി. യു.എ.ഇയില്‍ എംബസിയോ കോണ്‍സുലേറ്റോ ഇല്ലാത്ത അറുപതോളം രാജ്യങ്ങള്‍ കാര്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. യു.എ.ഇയിലെ സാധ്യതകള്‍ ബോധ്യപ്പെട്ടതോടെ ആഫ്രിക്കയിലെയും പസഫിക് ദ്വീപ് സമൂഹങ്ങളിലെയും രാജ്യങ്ങള്‍ വന്‍കിട സംരംഭങ്ങള്‍ക്ക് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. പല സംരംഭങ്ങള്‍ക്കും തുടക്കമായി.
യു.എ.ഇയുമായി തന്ത്രപ്രധാന സഹകരണമുള്ള ഇന്ത്യക്കും ഇതു നേട്ടമാകും. ഇതില്‍ പല രാജ്യങ്ങളുമായും ഇന്ത്യയുമായി ദൃഢബന്ധമുണ്ടെന്നു മാത്രമല്ല ഇന്ത്യന്‍ സംരംഭങ്ങളുമുണ്ട്. ടാന്‍സനിയയില്‍ റെയില്‍ പാതകള്‍ നിര്‍മിക്കുന്നതിലും വൈദ്യുതീകരിക്കാനുമുള്ള പദ്ധതികളില്‍ ഇന്ത്യ ഒപ്പമുണ്ട്. സൗരോര്‍ജ, കാറ്റാടിപ്പാടം പദ്ധതികള്‍, കൃഷി, ധാതുഖനനം, സാങ്കേതിക വിദ്യകളുടെ വികസനം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാണ്. ഇന്ത്യ-യു.എ.ഇ വ്യാപാര സഹകരണം ശക്തമാകാന്‍ ഇത് വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്.