അബുദാബി- ജോലിയില്‍നിന്നു പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച കുവൈത്തിലെ 12 അംഗ സംഘത്തിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 31 കോടി രൂപ (1.5 കോടി ദിര്‍ഹം) സമ്മാനം. കൊറിയന്‍ കമ്പനിയായ ഡയലിലെ ജീവനക്കാരായ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി രതീഷ് രഘുനാഥ് ഉള്‍പ്പെടെ 9 മലയാളികളും 2 ശ്രീലങ്കക്കാരും ഒരു തമിഴ്‌നാട് സ്വദേശിയും ചേര്‍ന്ന് രതീഷിന്റെ പേരില്‍ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.
ഈ മാസം 30 ന് ജോലി അവസാനിച്ചാല്‍ എന്തു ചെയ്യും എന്ന് ചിന്തിച്ചിരിക്കവെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. തുക തുല്യമായി വീതിക്കും. ബാങ്ക് വായ്പ ഉള്‍പ്പെടെയുള്ള കടം വീട്ടുന്നതിനാണ് ആദ്യ പരിഗണനയെന്നും രതീഷ് പറഞ്ഞു. സാരഥി ഫാഹഹീല്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് രതീഷ്.