ദമാം- ഒട്ടേറെ അവ്യക്തതകൾ ബാക്കിയാക്കി കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോവുന്ന കേരള സർക്കാറിനെതിരെ പ്രവാസി സാംസ്‌കാരിക വേദി മലപ്പുറം-പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഏറെ ജനസാന്ദ്രതയുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത് അതിബൃഹത്തായ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക മര്യാദകൾ പോലും പാലിക്കാതെയാണ് സർക്കാർ ജനങ്ങളെ മുൾമുനയിൽ നിർത്തുന്നതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനത്തിൽ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് പ്രതികരിക്കാതെ, ബഫർ സോണുകളെക്കുറിച്ച് വ്യക്തമാക്കാതെ, പദ്ധതി സാക്ഷാത്ക്കരിക്കാൻ മുന്നിട്ടിറങ്ങിയ സർക്കാറിന് ഈ വിഷയത്തിൽ കൃത്യമായ ഒളിയജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതത്തിനപ്പുറം, ആയിരക്കണക്കിന് കുടുംബങ്ങളുടെ പാരമ്പര്യ, ജൈവിക ആവാസ വ്യവസ്ഥയിൽ നിന്ന് പറിച്ചെറിയുന്ന ജനവിരുദ്ധ പദ്ധതിയാണിതെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും സമര സമിതി അംഗം കൂടിയായ സൽമാൻ തിരൂർ പറഞ്ഞു.
പ്രവാസി സാംസ്‌കാരിക വേദി മലപ്പുറം - പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് റഹീം തിരൂർക്കാട് അധ്യക്ഷത വഹിച്ചു. അൻവർ പാലക്കാട് നന്ദി പറഞ്ഞു. മുഹ്‌സിൻ ആറ്റാശ്ശേരി, അലി പാലക്കാട്, അർഷദ് വാണിയമ്പലം, നാസർ വെള്ളിയെത്ത്, നാസർ ആലുങ്ങൽ, ഉബൈദ് മണാട്ടിൽ എന്നിവർ നേതൃത്വം നൽകി.