ആലപ്പുഴ- എം.എല്‍.എയില്‍ നിന്ന് മുട്ടക്കറിയ്ക്കും അപ്പത്തിനും ഹോട്ടലുകാര്‍ അമിത വില ഈടാക്കിയെന്ന വിവാദത്തില്‍ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ആലപ്പുഴ കലക്ടര്‍. പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഭക്ഷണം കഴിച്ച ഹോട്ടലില്‍ വില കൂടുതല്‍ ആയിരുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടി. എന്നാല്‍, നിയമപരമായ നടപടിക്ക് ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്ന് കലക്ടര്‍ അറിയിച്ചു. വില ഏകീകരണം അടക്കമുള്ള നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കും.അതേസമയം, ഹോട്ടല്‍ ബില്ല് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ചിത്തരഞ്ജന്‍ എംഎല്‍എ രംഗത്തെത്തി. ഹോട്ടല്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയത് ചൂണ്ടിക്കാട്ടിയ തന്നെ ട്രോളുകള്‍ ഉണ്ടാക്കി അപഹസിക്കുന്നെന്ന് ചിത്തരഞ്ജന്‍ കുറ്റപ്പെടുത്തി. ചിലര്‍ വ്യക്തഹത്യ ചെയ്യുകയാണ്. താന്‍ പ്രതികരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ട്രോളുകള്‍ക്ക് പിന്നില്‍ ഹോട്ടലുടമ തന്നെയാകാം. കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയിട്ട് തന്നെയാണ് മടങ്ങിയതെന്നും എംഎല്‍എ വ്യക്തമാക്കി.
ഓസിന് കഴിക്കുന്നവരാണ് തന്നെ ആക്ഷേപിക്കുന്നതെന്നും ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം താന്‍ പണം നല്‍കിയില്ല എന്ന മുന്‍ എംഎല്‍എ വി ടി ബല്‍റാമിന്റെ പരാമര്‍ശം അങ്ങേയറ്റം നിലവാരം കുറഞ്ഞതാണെന്നും പണം നല്‍കിയോ ഇല്ലയോ എന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. മത്സ്യത്തൊഴിലാളിയുടെ മകനായ തന്റെ ധാര്‍മികരോഷമാണ് അമിത വിലയ്ക്ക് എതിരായ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.