തിരുവനന്തപുരം- കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച 14 പേര്‍ കൂടി അറസ്റ്റില്‍. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 267 തൊണ്ടി മുതലുകള്‍ പിടിച്ചു.
ഇന്റര്‍പോളിന്റെ സഹായത്തോടെ 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ 300 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 1296 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 11 തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്.
അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് പ്രതികള്‍ പ്രചരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ മിക്കതും പ്രാദേശികമായി ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു. പിടിയിലായവരില്‍ ചിലര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരില്‍ ഐ.ടി വിദഗ്ധരും ഉള്‍പ്പെടും.
ഓണ്‍ലൈനില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് കേരള പോലീസ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പരിശോധനകള്‍ നടത്തുന്നത്. റെയ്ഡില്‍ പിടിയിലാവര്‍ വീണ്ടും സമാനകുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരില്‍ പലരും മാനസികവൈകല്യമുള്ളവരാണെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്ക് ചികിത്സ നല്‍കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.