ന്യദല്‍ഹി- കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചാന്‍സലര്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല, വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയത് എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ എം പി വിനോദ്, അതുല്‍ ശങ്കര്‍ വിനോദ് എന്നിവര്‍ വാദിച്ചു.പുനര്‍നിയമന ഉത്തരവില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതായും അഭിഭാഷകര്‍ ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.