മലപ്പുറം- എ.പി-ഇ.കെ സുന്നീ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് പൂട്ടിയിട്ട മുടിക്കോട് ജുമാ മസ്ജിദ് തുറക്കാൻ തീരുമാനമായി. രാഷ്ട്രീയക്കാരെ മാറ്റി നിർത്തി ഇരു വിഭാഗം സുന്നികളുടേയും തെരഞ്ഞെടുക്കപ്പെട്ട നാലു വീതം പ്രതിനിധികൾ അടങ്ങിയ സമിതി നടത്തിയ ചർച്ചകളുടെ ഫലമായാണ് പള്ളിതുറക്കാൻ ധാരണയായത്. എ.പി-ഇ.കെ തർക്കത്തെ തുടർന്ന് ഒരു വർഷമായി ഈ പള്ളി പൂട്ടിക്കിടക്കുകയാണ്. അനുരജ്ഞന ചർച്ചകളുടെ ഫലമായി ഇരുവിഭാഗം സുന്നികൾക്കും പ്രാതിനിധ്യമുള്ള കമ്മിറ്റിക്ക് രൂപം നൽകി. പള്ളി തുറക്കണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ആർ.ഡി.ഒക്ക് സമിതി ഉടൻ കത്ത് നൽകും.
വഖഫ് തർക്കങ്ങൾ പരിഹരിക്കാൻ നേരത്തെ വകുപ്പു മന്ത്രി കെ.ടി ജലീൽ ഇരു വിഭാഗം സുന്നി നേതാക്കളേയും വിളിച്ചു ചേർത്ത് ചർച്ച നടത്തിയിരുന്നു. രാഷ്ട്രീയ ഇടനിലക്കാരെ മാറ്റി നിർത്തിയാണ് ഐക്യശ്രമം. 77 മഹല്ലുകളിലാണ് രൂക്ഷമായ തർക്കം നിലനിൽക്കുന്നത്. പ്രത്യേക അദാലത്തുകൾ വച്ച് ഈ തർക്കങ്ങൾ പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതിനു ഇരു വിഭാഗം സുന്നികളും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ ചർച്ചയുടെ ആദ്യ ഫലമായാണ് മുടിക്കോട് മഹല്ലിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നത്. മഹല്ല് ഭരണം സംബന്ധിച്ച് പലയിടത്തും നിലനിൽക്കുന്ന തർക്കങ്ങൽ പരിഹരിക്കുന്നതോടെ സുന്നി ഐക്യത്തിന് വഴിതെളിയുമെന്നാണ് ഇരു വിഭാഗം സുന്നി നേതാക്കളുടേയും പ്രത്യാശ. ഇരു വിഭാഗവും ഈ പ്രതീക്ഷ വച്ചു പുലർത്തുന്നതായി നേരത്തെ വഖഫ് ന്യൂനപക്ഷകാര്യ മന്ത്രി കെ.ടി ജലീൽ പറഞ്ഞിരുന്നു.