കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ടിപ്പറിന്റെ പരാക്രമം, ലൈറ്റുകള്‍ തകര്‍ന്നു

തൃശൂര്‍- കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ വീണ്ടും തകര്‍ത്ത് ടിപ്പര്‍. തുരങ്കത്തിലൂടെ പുറകുവശം താഴ്ത്താതെ പോയ ടിപ്പര്‍ രണ്ടാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ക്കുകയും കേബിളുകള്‍ തകരാറിലാക്കുകയും ചെയ്തു.

ആറുവരിപ്പാതയുടെ നിര്‍മാണ ചുമതലയുള്ള കമ്പനിയുടെ ടിപ്പറാണ് നാശനഷ്ടം വരുത്തിയത്. അപകടം നടന്നയുടനെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. ടിപ്പറിന്റെ പുറകുവശം താഴ്ത്താതെ വണ്ടി ഓടിച്ചതിന് തുടര്‍ന്ന് രണ്ടാമത്തെ വട്ടമാണ് തുരങ്കത്തിനകത്ത് ലൈറ്റുകള്‍ക്കും മറ്റും നാശനഷ്ടം സംഭവിക്കുന്നത്. കഴിഞ്ഞ ജനുവരിയിലും സമാന സംഭവം നടന്നിരുന്നു. ജനുവരി 20 ന് പാലക്കാട് നിന്നു തൃശൂരിലേക്കുളള തുരങ്ക മുഖത്താണ് അപകടമുണ്ടായത്. പുറകുവശം ഉയര്‍ത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ലൈറ്റുകളും ക്യാമറയും തകര്‍ക്കുകയായിരുന്നു. 90 മീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ചിരുന്ന 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാന്‍ സ്ഥാപിച്ചിരുന്ന സെന്‍സറുകള്‍ എന്നിവയും പൂര്‍ണമായി തകര്‍ന്നിരുന്നു. ലൈറ്റുകള്‍ തകര്‍ന്നുവീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തി നിര്‍ത്താതെ ഓടിച്ചു പോയ ടിപ്പര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പിടികൂടിയിരുന്നു.

 

Latest News