സൗദി അറേബ്യയിൽ എത്തിയതു മുതൽ മരുഭൂമി യാത്രകളോട് വല്ലാത്തൊരു ഇഷ്ടമാണ്. മരുഭൂമിയുടെ ഉള്ളറകളിലേക്ക് യാത്ര ചെയ്താൽ വിവിധങ്ങളായ വിസ്മയക്കാഴ്ചകളാണ് പ്രകൃതി നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. ജിദ്ദയിൽ നിന്നും ദമാമിലെത്തിയതിന് ശേഷം യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം സഞ്ചാരികളുടെ കൂട്ടായ്മയായ, സഞ്ചാരി ദമാമിന്റെ പല യാത്രകളിലും പങ്കെടുക്കുകയുണ്ടായി. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയിൽ നിന്നും വാരാന്ത്യത്തിൽ ലഭിക്കുന്ന അവധി ദിനങ്ങളിലാണ് ഇത്തരത്തിലുളള ചെറു യാത്രകൾ സംഘടിപ്പിക്കുന്നത്. അത് ഓരോ പ്രവാസിക്കും ഒരു പാട് ആശ്വാസം പകരുന്ന ഒന്നാണ്.
ഓരോ യാത്രക്ക് ശേഷവും അടുത്ത യാത്ര ഇനി എന്ന് എന്ന ചോദ്യവുമായാണ് ഓരോരുത്തരും പിരിയുന്നത്. അടുത്ത യാത്ര എന്നാണെന്നും എവിടേക്കാണന്നും എത്ര പേരടങ്ങുന്ന സംഘമാണ് യാത്ര തിരിക്കുന്നതെന്നും ഉള്ള വിവരങ്ങൾ യാത്രക്ക് ഒരാഴ്ച മുമ്പ് ഫേസ്ബുക്ക് പേജിൽ കുറിക്കും. തുടർന്ന് യാത്രക്ക് താൽപര്യം ഉള്ളവർ യാത്രാ സന്നദ്ധത അറിയിക്കും. അങ്ങനെ ഒരു ദിവസം അൽഹസയിലേക്ക് യെല്ലോ ലേക്ക് (മഞ്ഞ തടാകം) കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഓരോരുത്തരും കമന്റിൽ യാത്രാ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. യാത്ര മരുഭൂമിയിലൂടെ ആയതിനാൽ 4x4 വാഹനങ്ങൾ നിർബന്ധമാണ്. അതുകൊണ്ട് തന്നെ 20 വാഹനങ്ങൾ മാത്രമായി പരിമിതപ്പെടുത്തി. ഫോർവീൽ വാഹനമില്ലാത്തതിനാൽ എന്റെ യാത്ര പ്രതിസന്ധിയിലുമായി.
എങ്ങനെയും പോയേ പറ്റൂ എന്ന ചിന്തയുമായി ഇരിക്കുമ്പോഴാണ് നല്ലൊരു സൊലൂഷനുമായി പ്രിയ പത്‌നി സുബി, നമ്മുടെ ഹനീഷിനെ വിളിച്ചാലോ അവന്റെ പക്കൽ 4x4 അല്ലേ എന്ന് ചോദിച്ചത്. പെട്ടെന്ന് തന്നെ ഹനീഷിനെ വിളിച്ചു കൺഫേം ചെയ്തു. യാത്ര എന്ന് കേട്ടപ്പോഴേ ഫോട്ടോഗ്രഫർ കൂടിയായ എൻജിനീയർ റെഡി. ഇതറിഞ്ഞ് വൈഫും കുട്ടികളും യാത്ര പോകാനുള്ള തയ്യാറെടുപ്പിലായി. സഞ്ചാരിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഓരോ യാത്രക്ക് മുൻപും ഒരു പാട് ചർച്ചകൾ ഉണ്ടാവാറുണ്ട്. യാത്ര എങ്ങനെയായിരിക്കണം, എത്ര മണിക്ക് പുറപ്പെടണം, എവിടെ നിന്ന് യാത്ര തുടങ്ങണം എന്നൊക്കെ. അങ്ങനെ യാത്ര പുറപ്പെടുന്ന ദിവസമെത്തി. വെള്ളിയാഴ്ച രാവിലെ പതിവ് വെള്ളിയാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഹനീഷ് വരുന്നതും കാത്ത് എല്ലാവരും നേരത്തേ തന്നെ റെഡിയായിരുന്നു. ആദ്യത്തെ മീറ്റിംഗ് പോയന്റ് ലക്ഷ്യമാക്കി കൃത്യം 9 മണിക്ക് തന്നെ ഞങ്ങൾ യാത്ര തുടങ്ങി. അവിടെയെത്തിയപ്പോൾ ആദ്യം എത്തിയവർ അവിടവിടെ കൂട്ടം ചേർന്നു നിന്നു കത്തി വെക്കുന്നു, ചിലർ പരിചയപ്പെടുന്നു. പരസ്പരം പരിചയം പുതുക്കുന്നു. യാത്രയിൽ അവശ്യം കഴിക്കാനുള്ള സ്‌നാക്‌സുകൾ വാങ്ങുന്നു. എല്ലാവരും എത്തി എന്ന് ഉറപ്പായപ്പോൾ അഡ്മിൻമാരായ സ്വാലിഹ്, ആഷിഫ്, ശ്രീജിത്ത്, മൻസൂർ മങ്കട എന്നിവർ എല്ലാവരേയും വിളിച്ചു കൂട്ടി യാത്രയുടെ രീതിയും പോകേണ്ട വേഗത, ഓവർടേക്ക് ചെയ്യാതെ മുൻപിലെ വാഹനത്തെ ഫോളോ ചെയ്യുകയും പിന്നിലുള്ള വാഹനത്തിന് കൃത്യമായി വഴികാട്ടിയും പോകണം എന്നിങ്ങനെ എല്ലാം വിശദീകരിച്ചതിന് ശേഷം 10.00 മണിക്ക് അവിടെ നിന്നും യാത്ര തുടർന്നു.
ഒരു വലിയ ട്രെയിൻ പോകുന്നതു പോലെ വരി വരിയായി ഇരുപത് 4x4 വാഹനങ്ങളിലായി കുട്ടികളും മുതിർന്നവരുമടക്കം 95 പേരടങ്ങുന്ന യാത്രാ സംഘമാണ്. ഏറ്റവും മുന്നിലായി സ്വാലിഹ് വഴികാട്ടിയായും ഏറ്റവും പിന്നിലായി എല്ലാ വാഹനങ്ങളെയും കൃത്യമായി തന്നെ ശ്രദ്ധാപൂർവ്വം നോക്കി ആഷിഫ് പിറകെയും...
അൽ ഹസ എത്തുന്നതിന് ഏകദേശം 25 കിലോമീറ്റർ മുൻപായി ജുമുഅ നമസ്‌കാരത്തിനായി എല്ലാവരും പള്ളിയിൽ കയറി. ജുമുഅ നമസ്‌കാരാനന്തരം യാത്ര തുടർന്നു. ഹൈവേയിൽ നിന്നു വിട്ട് ചെറുറോഡിലൂടെ വരി വരിയായി ചെറു ഗ്രാമങ്ങളെ പിന്നിലാക്കി മുന്നോട്ട് ഗമിച്ചു. മരുഭൂമിയിലേക്കുള്ള മണൽ പാതയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി അഡ്മിൻമാരുടെ നിർദേശാനുസരണം എല്ലാ വാഹനങ്ങളും അർദ്ധ വൃത്താകൃതിയിൽ പാർക്ക് ചെയ്തു. തുടർന്നുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എല്ലാ ഡ്രൈവർമാർക്കും വിശദമായി ക്ലാസ് എടുത്തു.
നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയുടെ വശ്യമനോഹാരിത നുകർന്നുകൊണ്ട് ചെറു വീടുകളെയും മസ്‌റകളെയും ഒട്ടകക്കൂട്ടങ്ങളെയും ആട്ടിൻപറ്റങ്ങളെയും ആടുജീവിതത്തിലെ നജീബിനെ ഓർമ്മിപ്പിക്കുന്ന ആട്ടിടയൻമാരെയും ഒക്കെ പിന്നിലാക്കി മരുഭൂവിന്റെ ഉള്ളറകളിലേക്ക്. ചക്രപ്പാടുകൾ പതിഞ്ഞ മൺപാതയിലൂടെ മറ്റു വാഹനങ്ങൾക്ക് പിന്നാലെ ഞങ്ങളും മസ്‌റകളിലേക്ക്. പുല്ലുകളും മറ്റു സാധനങ്ങളുമായി പോകുന്ന വാഹനങ്ങളെയും കാണാം. കുറച്ച് ദൂരം പിന്നിട്ടതിനു ശേഷം ഉച്ച ഭക്ഷണത്തിനായി വാഹന വ്യൂഹങ്ങൾ വീണ്ടും അർദ്ധ വൃത്താകൃതി പ്രാപിച്ചു. എല്ലാവരും ഭക്ഷണത്തിനായി അനുസരണയുള്ള കുട്ടികളെ പോലെ നിരനിരയായി നിന്നു. ജാസിറും യാസിറും ഹാഷിഫുമൊക്കെ വളരെ ശ്രദ്ധാ പൂർവ്വം ഭക്ഷണം വിളമ്പുന്നു. കൂട്ടത്തിലെ തീറ്റ റപ്പായിമാരായ ജിതേഷും സമീറും ബിരിയാണി ചെമ്പിനെ വട്ടമിട്ടു നടക്കുന്നുണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടർന്നു. മൺപാതയുടെ ഇരുവശവുമായി സൂര്യരശ്മികൾ ഏറ്റ് തിളങ്ങുന്ന മൺതരികൾ കുറച്ച് ദൂരം പിന്നിട്ടപ്പോൾ വലതു ഭാഗത്തായി മഞ്ഞ തടാകത്തിന് മറയായി നിൽക്കുന്ന മണൽ കൂനയും മണലിലൂടെ സവാരി ആസ്വദിക്കുന്ന അറബി സഞ്ചാരികളെയും കാണാം. ഏറ്റവും മുന്നിലായി വഴികാട്ടിയായി പോയ സാലിഹ് തിരിച്ചെത്തി. എല്ലാവരും വാഹനങ്ങൾ പാതയോരത്ത് ചേർത്ത് നിർത്തി. മുന്നോട്ടുള്ള യാത്ര ദുസ്സഹമാണ്. പോകാനുള്ള വഴിയിലത്രയും കുഴിയേത്, വഴിയേത് എന്നറിയാൻ പറ്റാത്ത വിധം വെള്ളം നിറഞ്ഞു നിൽക്കുന്നു. എല്ലാവരുടെയും മനസ്സിലും ഒരാശങ്ക -പ്രതീക്ഷിച്ചു വന്നത് കാണാൻ സാധിക്കാതെ വരുമോ.
പുതിയ വഴി തിരഞ്ഞ് സാലിയും ശ്രീജിത്ത് ഭായിയും ആഷിഫും പലവഴിയേ തിരിഞ്ഞു. ഏറെ നേരത്തേ ശ്രമങ്ങൾക്കൊടുവിൽ ഒരു യുദ്ധം ജയിച്ച പട നായകനെ പോലെ സാലി മുൻപേ ഗമിച്ചു. പിന്നാലെ ഞങ്ങളും ഓരോ വാഹനവും കൃത്യമായ അകലം പാലിച്ച് വെള്ളത്തിലൂടെ ചീറ്റിത്തെറിപ്പിച്ച് മുന്നോട്ട് നീങ്ങി വെള്ളക്കെട്ടുകൾ കടന്നെത്തിയപ്പോൾ കണ്ട കാഴ്ച നയനാനന്ദകരമായിരുന്നു. കുത്തനെ കിടക്കുന്ന മണൽക്കുന്നിൻ ചെരിവിലായി ഞങ്ങൾക്ക് മുൻപേ എത്തിയ അറബികൾ നിർഭയം മണലിലൂടെ വാഹനമോടിച്ച് രസിക്കുന്നു. ഈ മലയുടെ മറുവശത്തായാണ് മഞ്ഞ തടാകം സ്ഥിതി ചെയ്യുന്നത്. മണൽ കുന്നിലേക്ക് കയറുന്നതിന് മുൻപായി അഡ്മിൻ ടീം എല്ലാവർക്കും നിർദ്ദേശം നൽകി. അപകട സാധ്യത ഏറ്റവും കൂടുതലുള്ള യാത്രയാണ് ഇനിയുള്ളത്. വാഹനങ്ങൾ എല്ലാം മണൽകുന്നിന്റെ മുകളിലെത്തി പാർക്ക് ചെയ്യണം. ശ്രദ്ധ തെറ്റിയാൽ തടാകത്തിലേക്ക് മറിയാൻ സാധ്യതയുണ്ട്. ഇത് കേട്ടപ്പോൾ ചെറിയ പേടി ഉണ്ടായെങ്കിലും ഒന്നും ചിന്തിക്കാതെ ഞങ്ങളുടെ ടൊയോട്ട വാഹനം ഹനീഷ് മുന്നോട്ടെടുത്തു.
കുട്ടികളും ഹനീഷും ആ മണലിലെ ട്രെക്കിംഗ് നന്നായി ആസ്വദിച്ചു. ഞാനും വൈഫും തെല്ലു ഭയത്തോടെ ഇരുന്നു. ഹനീഷ് നല്ല സ്പീഡിൽ വാഹനം കറക്കുകയും തിരിക്കുകയുമൊക്കെ ചെയ്യുന്നു. ഹനീഷിന്റെ ആദ്യത്തെ അനുഭവമാണ്. അവസാനം മണൽക്കുന്നിന് മുകളിലെത്തി. പുറത്തിറങ്ങി താഴേക്ക് നോക്കുമ്പോൾ പല വാഹനങ്ങളും അവിടവിടെയായി മണ്ണിൽ പുതഞ്ഞു കിടക്കുന്നു.
ശൈത്യ കാലമായതിനാൽ നല്ല തണുത്ത കാറ്റ് ഞങ്ങളെ തഴുകി തലോടി പോകുന്നു. തടാകം മണൽക്കൂനകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ഇന്നത്തെ കാലഘട്ടത്തിൽ നാലുവീൽ ഡ്രൈവ് വാഹനങ്ങളിൽ ട്രക്കിംഗ് സാധ്യമാണ്. തടാകത്തിന് ചുറ്റുപാടും വിവിധങ്ങളായ മരുച്ചെടികളും കാണാം. വേനൽക്കാലത്ത് വെള്ളം ഒഴുകുമ്പോൾ ആടുകളുടെയും ഒട്ടകങ്ങളുടെയും സമ്പുഷ്ടമായ മേച്ചിൽപുറം കൂടിയാണ് ഇവിടം.
ഏകദേശം ഇരുപത്തഞ്ചു കിലോമീറ്റർ വരെ നീളമുള്ള ഈ സ്ഥലം തടാകത്തിന് സമാനമായ പ്രദേശമാണ്. മനോഹരമായ ഈ തടാകം കാണാൻ നിരവധി സന്ദർശകർ ദിനം പ്രതി വന്നു പോകുന്നു.
മഞ്ഞ തടാകത്തെ നോക്കി ബൈ പറഞ്ഞ് ഞങ്ങൾ താഴേക്കിറങ്ങി. അപ്പോഴും അവിടവിടെ മണ്ണിൽ പുതഞ്ഞു പോയ വാഹനങ്ങളെ കുറച്ച് സ്വദേശികൾക്കൊപ്പം ചേർന്ന് സഹ സഞ്ചാരികൾ പുറത്തെടുക്കുന്നുണ്ടായിരുന്നു. എല്ലാവരും താഴെ എത്തിയതിനു ശേഷം അഡ്മിന്റെ നിർദ്ദേശാനുസരണം ഗ്രൂപ്പ് ഫോട്ടോക്കായി നിരന്നു നിന്നു. ഓർമ്മയുടെ ഏടുകളിൽ എന്നും സൂക്ഷിക്കാനുള്ള ഒരു ചെറു ചിത്രം ക്യാമറയിലാക്കി മഞ്ഞ തടാകത്തെ വിട ചൊല്ലി ഇനിയും വരണമെന്ന ആഗ്രഹവുമായി ദമാമിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു....