തിരുവനന്തപുരം- കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച കമ്പനിയായ കെ.എസ്.ആര്‍.ടി.സി- സിഫ്റ്റിന്റെ ബസ് സര്‍വ്വീസ് ഏപ്രില്‍ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്കാണ്. ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സര്‍വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ റിസവര്‍വേഷന്‍ സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് കെ.എസ്.ആര്‍.ടി.സി - സിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക.
തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നടക്കുന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 12 ന് ബാംഗ്ലൂരില്‍ നിന്നുള്ള മടക്ക സര്‍വ്വീസ്, ബാംഗ്ലൂരില്‍ വെച്ച് വൈകുന്നേരം 3 മണിക്ക് കേരള ഗതാഗത മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബാംഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്‌നങ്ങള്‍, ബാംഗ്ലൂര്‍ മലയാളി സംഘടനകളുമായി മന്ത്രി ചര്‍ച്ച ചെയ്യുകയും ചെയ്യും.