അബുദാബി- ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ നേതൃത്വത്തില്‍ റമദാനില്‍ മൊത്തം ഒമ്പത് ലക്ഷത്തിലേറെ ഇഫ്താര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യും. ദിവസേന 30,000 ഇഫ്താര്‍ ഭക്ഷണ പൊതികളാണ് നല്‍കുന്നത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇത്തവണ പള്ളി അങ്കണത്തില്‍ ഇരുന്ന് കഴിക്കാനുള്ള സംവിധാനം ഉണ്ടാകില്ല. പകരം മുസഫയിലെ വിവിധ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണപൊതികള്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈന്തപ്പഴം, വെള്ളം, ജ്യൂസ്, മോര്, ആപ്പിള്‍, ഓറഞ്ച്, സാലഡ്, ബിരിയാണി തുടങ്ങിയ വിഭവങ്ങള്‍ അടങ്ങിയതാണ് ഇഫ്താര്‍ പായ്ക്കറ്റ്.