Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തനിയെ ചലിച്ച ലിഫ്റ്റില്‍ കുടുങ്ങി കുവൈത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി- അപ്രതീക്ഷിതമായി തനിയെ ചലിച്ച ലിഫ്റ്റില്‍ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈത്തിലാണ് സംഭവം.
ആദ്യ ദിവസത്തെ നോമ്പ് മുറിച്ച ശേഷം ജോലിയുടെ ഭാഗമായി ഡെലിവറി ചെയ്യാന്‍ എത്തിയപ്പോഴാണ് മുഹമ്മദ് ഷാഫി ലിഫ്റ്റില്‍ അപകടത്തില്‍പ്പെട്ടത്. മംഗഫ് ബ്ലോക് നാലില്‍ ബഖാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി അപകടത്തില്‍പ്പെട്ട കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലക്കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തുനിന്നുള്ള ഒറ്റ വാതില്‍ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയ വേളയില്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു.

ഏറെക്കാലമായി കുവൈറ്റില്‍ ജോലി ചെയ്തുവരുന്ന ഷാഫി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തെക്കേവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഉമ്മാച്ചുവാണ് മാതാവ്. ഖമറുന്നീസയാണ് ഭാര്യ. മക്കള്‍: ഷാമില്‍ (ഒമ്പത് വയസ്സ്), ഷഹ്‌മ (നാലു വയസ്സ്), ഷാദില്‍ (മൂന്നു മാസം). സഹോദരങ്ങള്‍: റിയാസ് ബാബു, ലൈല, റംല, റഹീം.

 

Latest News