കണ്ണൂര്‍- കേന്ദ്ര മന്ത്രി വി. മുരളീധരനെക്കൊണ്ട് സംസ്ഥാനത്തിന് നയാപൈസയുടെ ഗുണമില്ലെന്നു സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ധനവിലവര്‍ധനയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് മുരളീധരന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ വിഷയത്തില്‍ മന്ത്രിയുടെ നിലപാട് ഫെഡറല്‍ തത്വത്തിന് എതിരാണെന്നും കോടിയേരി ആരോപിച്ചു.
അദ്ദേഹം കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ നോക്കട്ടെ. കേരളത്തിനുവേണ്ടി നയാപൈസയുടെ ഗുണം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതൊന്നും ചെയ്യാതെ എന്തെങ്കിലും വിലകുറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് ശ്രദ്ധപിടിച്ചുപറ്റുന്നത് മന്ത്രിക്ക് ഭൂഷണമല്ലെന്ന് കോടിയേരി പറഞ്ഞു.
പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്ലാം വലിയ വിലവര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ആ പ്രശ്നത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ വേണ്ടിയാണ് വി. മുരളീധരന്‍ കെ റെയില്‍ പ്രശ്നത്തിന്റെ പേരില്‍ കഴക്കൂട്ടത്തും മറ്റും പോയി ഇടപെടല്‍ നടത്തിയത്. കേന്ദ്രമന്ത്രി അത്തരത്തില്‍ ഇടപെട്ടത് ഫെഡറല്‍ തത്വത്തിന് എതിരാണെന്നും കോടിയേരി വ്യക്തമാക്കി.
കെ- റെയിലിന് ഒരുകാരണവശാലും കേന്ദ്രം അനുമതി നല്‍കില്ലെന്ന് വി. മുരളീധരന്‍ നേരത്തേ പറഞ്ഞിരുന്നു. കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.