മക്ക - സാമൂഹിക അകലം അടക്കമുള്ള മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ, തോളോടുതോള്‍ ചേര്‍ന്ന് ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിന് ഉംറ തീര്‍ഥാടകര്‍ തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുത്തത് ലോകമുസ്‌ലിംകളുടെ മനസ്സുകളെ കുളിരണിയിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു കാഴ്ച വിശുദ്ധ ഹറം ലോകത്തിന് സമ്മാനിക്കുന്നത്. റമദാനിലെ കടുത്ത തിരക്ക് കണക്കിലെടുത്ത് വിശുദ്ധ കഅ്ബാലയത്തോടു ചേര്‍ന്ന മതാഫും ഹറമിന്റെ അടിയിലെ നിലയും ഉംറ തീര്‍ഥാടകര്‍ക്കു വേണ്ടി മാത്രമായി ഹറംകാര്യ വകുപ്പ് നീക്കിവെച്ചിട്ടുണ്ട്.
ഉംറ തീര്‍ഥാടകര്‍ കൂട്ടത്തോടെ അണിയൊപ്പിച്ച് നിരനിരയായി തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കൊറോണ വ്യാപനം തടയാന്‍ ബാധകമാക്കിയ കര്‍ശന നിയന്ത്രണങ്ങളുടെയും മുന്‍കരുതല്‍ നടപടികളുടെയും ഫലമായി ഇത്തരമൊരു കാഴ്ച ഹറം സമ്മാനിച്ചിരുന്നില്ല.