കോഴിക്കോട്- ഫറോക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് റിട്ട. പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
ശിക്ഷാനടപടികളുടെ ഭാഗമായി ഉമേഷിന് നിര്‍ബന്ധിത വിരമിക്കല്‍ തീരുമാനിച്ചുള്ള ഉത്തരവാണ് എ.വി. ജോര്‍ജ് സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന് മുമ്പ് ഒപ്പുവെച്ചിരിക്കുന്നത്. തന്റെ തീരുമാനത്തിനെതിരേ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം നിര്‍ബന്ധിത വിരമിക്കലെന്ന തീരുമാനം സ്ഥിരപ്പെടുത്തുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
ഉമേഷിനെതിരേ കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിയായ സ്ത്രീ നല്‍കിയ പരാതിയും ഇതില്‍ നടത്തിയ അന്വേഷണവുമെല്ലാം തന്റെ തീരുമാനത്തിലേക്ക് നയിച്ചെന്നാണ് എ.വി. ജോര്‍ജ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മകളെ വീട്ടില്‍നിന്നിറക്കി കൊണ്ടുപോയെന്നും വാടകക്ക് ഫ്ളാറ്റെടുത്ത് താമസിപ്പിച്ചെന്നുമായിരുന്നു പറമ്പില്‍ ബസാര്‍ സ്വദേശിയുടെ പരാതി. ഈ സംഭവത്തില്‍ അച്ചടക്കലംഘനം കണ്ടെത്തിയതിനാല്‍ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. അന്വേഷണം നടത്താനായി നടക്കാവ് പോലീസ് ഇന്‍സ്പെക്ടറെ അധികാരപ്പെടുത്തി. സേവനകാലയളവില്‍ നിരവധി ശിക്ഷണ നടപടികള്‍ക്ക് വിധേയമായതായി മനസിലാക്കി. നിരവധി ശിക്ഷണ നടപടികള്‍ക്ക് വിധേയനായതിന് ശേഷവും തെറ്റ് തിരുത്തുന്നതിന് തയാറായില്ലെന്നും ഇത് മറ്റു പോലീസുകാരുടെ ധാര്‍മികതക്കും സല്‍സ്വഭാവത്തിനും ഭീഷണിയായെന്നും നോട്ടീസിലുണ്ട്.