Sorry, you need to enable JavaScript to visit this website.

യു. പ്രതിഭയ്‌ക്കെതിരെ സി.പി.എം  ശക്തമായ നടപടിയിലേക്ക് 

ആലപ്പുഴ-  തുടര്‍ച്ചയായ പരസ്യ വിമര്‍ശനങ്ങളില്‍ യു. പ്രതിഭ എം എല്‍ എയ്‌ക്കെതിരെ അച്ചടക്കനടപടിക്ക് സി പി എം. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം ജില്ലാ കമ്മിറ്റി കൂടി നടപടിയെടുക്കും. കായംകുളം ഏരിയ കമ്മിറ്റിയുടെ അടക്കം ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. സി പി എം ഏരിയ കമ്മിറ്റി അംഗം കൂടിയാണ് യു. പ്രതിഭ
എം എല്‍ എയുടേത് സംഘടനാ വിരുദ്ധ നടപടിയാണ്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും തുറന്നു പറയുന്നു. വോട്ട് ചോര്‍ച്ച ഉള്‍പ്പെടെ ഗൗരവമുള്ള കാര്യങ്ങള്‍ പറയേണ്ട സമയങ്ങളില്‍ പറഞ്ഞില്ല. പാര്‍ട്ടി ഫോറത്തിന് പുറത്ത് ബോധപൂര്‍വ്വം എല്ലാം ചര്‍ച്ചയാക്കുന്നു. വിവാദം ആയ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ എം എല്‍ എയോട്, സി പി എം ജില്ലാ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമായിരുന്നില്ലെങ്കിലും സംസ്ഥാന സമ്മേളനം അടുത്തിരിക്കെ നടപടിക്ക് പാര്‍ട്ടി മുതിര്‍ന്നില്ല.
മാത്രമല്ല, എല്ലാം ഏറ്റുപറഞ്ഞ് ഫേസ്ബുക്ക് അക്കൗണ്ട് പോലും എം എല്‍ എ ഉപേക്ഷിച്ചിരുന്നു. വിവാദങ്ങള്‍ അവസാനിച്ചുവെന്നിരിക്കെയാണ് കഴിഞ്ഞദിവസം, പൊതുവേദിയില്‍ വീണ്ടും പരസ്യ വിമര്‍ശനവുമായി പ്രതിഭ രംഗത്തെത്തിയത്. ഇതോടെ കായംകുളത്തെ പാര്‍ട്ടി ഔദ്യോഗിക വിഭാഗം അടക്കം എം എല്‍ എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കി. തരംതാഴ്ത്തല്‍ പോലെ ശക്തമായ നടപടി പ്രതിഭയ്‌ക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന
 

Latest News