Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫിയിൽ സന്തോഷത്തോടെ തുടക്കം

  • കേരളം 5-ചണ്ഡീഗഢ് 1
  • ബംഗാൾ 3-മണിപ്പൂർ 0

കൊൽക്കത്ത - എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരളം വൻ വിജയത്തോടെ തുടങ്ങി. അണ്ടർ-21 കളിക്കാരനായ എം.എസ്. ജിതിന്റെ ഇരട്ട ഗോളിൽ കേരളം 5-1 ന് ചണ്ഡീഗഢിനെ തകർത്തു. ഗ്രൂപ്പ് എ-യിലെ മറ്റൊരു കളിയിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ബംഗാൾ 3-0 ന് മണിപ്പൂരിനെ തോൽപിച്ചു. 
രബിന്ദ്ര സരോബർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ രണ്ടു ഗോളടിച്ചതിനു പുറമെ ജിതിൻ മറ്റു രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 11, 51 മിനിറ്റുകളിലായിരുന്നു ജിതിന്റെ ഗോളുകൾ. പതിനെട്ടാം മിനിറ്റിൽ സജിത് പൗലോസും നാൽപത്തൊമ്പതാം മിനിറ്റിൽ വി.കെ. അഫ്ദലും നേടിയ ഗോളുകൾക്ക് വഴിയൊരുക്കിയതും ജിതിൻ തന്നെ. ജിതിനു പകരമിറങ്ങിയ വി.എസ്. ശ്രീകുട്ടൻ എഴുപത്തേഴാം മിനിറ്റിൽ അവസാന ഗോൾ നേടി. എൺപത്തെട്ടാം മിനിറ്റിൽ വിശാൽ ശർമ ചണ്ഡീഗഢിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. 
തുടക്കത്തിൽ ഒപ്പത്തിനൊപ്പമുള്ള കളിയായിരുന്നുവെങ്കിലും ക്രമേണ കേരളം ആധിപത്യം നേടി. എസ്. സീസന്റെ പാസ് ബോക്‌സിനു മുന്നിൽ പിടിച്ചാണ് ജിതിൻ ചണ്ഡീഗഢിന്റെ വലയിൽ ആദ്യം പന്തെത്തിച്ചത്. വലതു വിംഗിലൂടെ കുതിച്ച് ജിതിൻ നിലംപറ്റെ നൽകിയ ക്രോസിൽ നിന്ന് സജിത് പൗലോസ് ലീഡുയർത്തി. 
രണ്ടു ഗോളടിച്ചതോടെ കേരളം പൂർണ ആധിപത്യം നേടി. വിംഗുകളിലൂടെ നിരന്തരം കേരളം എതിർ പ്രതിരോധം തുറന്നെടുത്തു. 
രണ്ടാം പകുതിയിലും കേരളം ഒട്ടും അയഞ്ഞില്ല. നാലു മിനിറ്റിനകം ജിതിന്റെ പാസിൽ നിന്ന് അഫ്ദൽ ലക്ഷ്യം കണ്ടു. വൈകാതെ ജിതിൻ തന്നെ ടീമിന്റെ നാലാം ഗോളടിച്ചു. വിജയമുറപ്പിച്ചതോടെ അറുപത്തഞ്ചാം മിനിറ്റിൽ ജിതിനു പകരം ശ്രീകുട്ടനെയും അഫ്ദലിനു പകരം പി.സി അനുരാഗിനെയും കേരളാ കോച്ച് സതീവൻ ബാലൻ കളത്തിലിറങ്ങി. എഴുപത്തേഴാം മിനിറ്റിൽ ശ്രീകുട്ടന്റെ ഷോട്ട് പോസ്റ്റിനിടിച്ച ശേഷം വലയിൽ കയറി. കേരളത്തിന്റെ അടുത്ത കളി വെള്ളിയാഴ്ച മണിപ്പൂരിനെതിരെയാണ്. 
ഹൗറ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മണിപ്പൂരിനെതിരെ ബംഗാളിനു വേണ്ടി സുമിത് ദാസ് രണ്ടു ഗോളടിച്ചു. വിദ്യാസാഗറിന്റെ വകയാണ് ഒരു ഗോൾ. 
 

Latest News