കൊളംബൊ - ഇന്നിംഗ്‌സിലെ അവസാന പന്ത് ദിനേശ് കാർത്തികിന്റെ ബാറ്റിൽ നിന്ന് കൊളംബൊ മാനത്തേക്കുയർന്നപ്പോൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടിയത് ഇന്ത്യക്കാർ മാത്രമായിരുന്നില്ല. അതിനെക്കാൾ വലിയ ആഘോഷമായിരുന്നു ശ്രീലങ്കക്കാർക്ക്. അവർ മതിമറന്ന് നൃത്തം വെച്ചു. ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആരാധകനായി അറിയപ്പെടുന്ന പെഴ്‌സി അഭയശേഖര പോലും ഇന്ത്യൻ ടീമിന്റെ വിജയാഹ്ലാദത്തിൽ പങ്കുചേർന്നു. സ്റ്റേഡിയത്തിന് പുറത്ത് പടക്കങ്ങൾ പൊട്ടി. ഗാലറിയിൽ ബംഗ്ലാദേശിനെ പരിഹസിച്ച് നാഗ നൃത്തം തകർത്തു.
ശത്രുവിന്റെ ശത്രു മിത്രമെന്ന ചൊല്ലിന്റെ വ്യാപ്തി മനസ്സിലാവാൻ ആ ദൃശ്യങ്ങൾ മാത്രം മതിയായിരുന്നു. ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കക്കെതിരെ ജയിച്ച ശേഷം ഡ്രസ്സിംഗ് റൂമിൽ ആഘോഷിച്ച ബംഗ്ലാദേശ് കളിക്കാർ അവിടത്തെ കണ്ണാടിച്ചില്ല് മാത്രമല്ല തകർത്തത്, ശ്രീലങ്കയുമായുള്ള അവരുടെ സ്‌നേഹ ബന്ധം കൂടിയായിരുന്നു. സമീപകാലത്തൊന്നും ഒരു ടീമിന്റെ വിജയം മറ്റൊരു രാജ്യത്തെ കാണികൾ ഇതുപോലെ ആഘോഷിച്ചിട്ടില്ല.
സ്റ്റേഡിയത്തിലെ ഇരുപതിനായിരത്തോളം കാണികളും ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യയുടെ യുവ ടീമിന് അത് പകർന്നു നൽകിയ ആവേശം ചില്ലറയായിരുന്നില്ല. ടൂർണമെന്റിലെ ഏറ്റവും മികച്ച ഫീൽഡിംഗ് ഫൈനലിലായിരുന്നു. അതുവരെ മങ്ങിയ സുരേഷ് റയ്‌ന പോലും മാൻപേടയെ പോലെ ഓടി. ഇന്ത്യയുടെ ഓരോ ഷോട്ടിനും ഓരോ ബൗണ്ടറിക്കും ഓരോ വിക്കറ്റിനും ഇന്ത്യൻ ഫീൽഡർമാർ തടഞ്ഞ ഓരോ റണ്ണിനും ആവേശത്തോടെ ഗാലറി കൈയടിച്ചു.
സ്റ്റേഡിയത്തിലെ ഔദ്യോഗിക ഗായക സംഘം പോലും ബംഗ്ലാദേശ് കളിക്കാർ ബൗണ്ടറിയടിച്ചപ്പോൾ സംഗീതം മീട്ടാൻ 'മറന്നു'. കളി പിരിമുറുക്കത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ ഗാലറിയിലെ ഇന്ത്യൻ പിന്തുണക്ക് വാശിയേറി. ഇന്ത്യയിലാണ് കളിക്കുന്നതെന്നു തോന്നിയെന്ന് നായകൻ രോഹിത് ശർമ പറഞ്ഞു.
കഴിഞ്ഞ തവണ ഇന്ത്യൻ ടീം ശ്രീലങ്കയിൽ പര്യടനത്തിനെത്തിയപ്പോൾ പ്രാദേശിക സംസ്‌കാരവുമായി ഇടപഴകാനും അത് സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധപ്പെടുത്താനും ബോധപൂർവമായ ശ്രമമുണ്ടായിരുന്നു. അതിന്റെ വിജയം കൂടിയാണ് ഫൈനലിൽ ഇന്ത്യക്ക് കിട്ടിയ പിന്തുണ.