തൃശൂര്‍- അമ്പത്തിയൊമ്പതാമത് തൃശൂര്‍ പൂരം എക്‌സിബിഷന്‍ നാളെ വൈകിട്ട് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം നടക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശം പത്താം തീയതിയോടെ മാത്രമേയുണ്ടാകൂവെന്ന് എക്‌സിബിഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ. വിജയരാഘവന്‍ പറഞ്ഞു. പത്താം തീയതിക്കു മുമ്പ് രണ്ടു ദിവസം വൈകുന്നേരങ്ങളില്‍ മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
കോവിഡ്മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി പൂരം എക്‌സിബിഷന്‍ നടന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷം എക്‌സിബിഷന്‍ ആരംഭിച്ച് പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും കോവിഡ് വ്യാപനം രൂക്ഷമാവുകയും പ്രദര്‍ശനം നിര്‍ത്തിവെക്കുകയുമായിരുന്നു. അതിനു മുന്‍പത്തെ വര്‍ഷം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും പ്രദര്‍ശനം ആരംഭിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. അങ്ങിനെ രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പൂരം എക്‌സിബിഷന്‍ പഴയ രീതിയില്‍ നടത്താന്‍ പോകുന്നത്. തൃശൂര്‍ പൂരം പോലെതന്നെ പേരുകേട്ടതാണ് തൃശൂര്‍ പൂരം എക്‌സിബിഷന്‍.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പവലിയനുകള്‍ പുറമേ നൂറുകണക്കിന് സ്വകാര്യ സ്റ്റാളുകളും പവലിയനുകളും പൂരം എക്‌സിബിഷനില്‍ ഇത്തവണയുമുണ്ടാകും. എന്നാല്‍ ഐ.എസ്.ആര്‍.ഒയുടെ പവലിയന്‍ ഇത്തവണയുണ്ടാകില്ല.