കൊച്ചി- എസ്.ഡി.പി.ഐക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയെന്നത് ഗൗരവതരമായി അന്വേഷിക്കേണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പോലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെയുള്ള സേനകളില്‍ ആര്‍.എസ്.എസുകാരും എസ്.ഡി.പി.ഐയും നുഴഞ്ഞു കയറുന്നത് അപകടകരമാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന് പേരിട്ട് പിണറായി വിജയന്‍ നടത്തുന്നത് മത പ്രീണനമാണ്. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് മുന്‍പും ഈ സംഘടനകള്‍ പോലീസില്‍ കടന്നുകയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആദ്യം ഈ പ്രീണന നയം സി.പി.എം അവസാനിപ്പിക്കണം. താക്കോല്‍ സ്ഥാനങ്ങളിലേക്ക് ആളുകളെ പോസ്റ്റ് ചെയ്യുന്നത് സി.പി.എമ്മാണ്. ഇതോടെ പോലീസിന്റെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ നഷ്ടമായി. എല്ലാം പാര്‍ട്ടി നേതാക്കള്‍ക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണം. അതുകൊണ്ടാണ് പോലീസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നത്. ഇത് അപകടകരമായി സ്ഥിതിവിശേഷമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു