റിയാദ് - തങ്ങൾക്ക് ധരിക്കുന്നതിനുള്ള മാന്യമായ വസ്ത്രം സ്ത്രീകൾ തന്നെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും പുരുഷന്മാരെ പോലെ സ്ത്രീകളും മാന്യമായ വേഷം ധരിക്കണമെന്നാണ് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. പർദ അണിയണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ സി.ബി.എസ് ചാനൽ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.
സ്ത്രീ-പുരുഷന്മാർക്ക് തുല്യവേതനം ഉറപ്പു വരുത്തുന്ന നിയമം നടപ്പാക്കാൻ ശ്രമിച്ചുവരികയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദിയിൽ വനിതകൾക്ക് അവകാശങ്ങൾ പൂർണമായും ലഭിച്ചിട്ടില്ല. ഇസ്‌ലാം അനുശാസിക്കുന്ന ചില അവകാശങ്ങൾ ഇനിയും വനിതകൾക്ക് ലഭിച്ചിട്ടില്ല. സ്ത്രീപുരുഷന്മാർ ഇടകലരുന്നത് വിലക്കിയ തീവ്രവാദികൾ സൗദിയിലുണ്ട്. സ്ത്രീയും പുരുഷനും ഒറ്റക്ക് ഒരിടത്ത് തങ്ങുന്നതും തൊഴിൽ സ്ഥലത്ത് സ്ത്രീപുരുഷന്മാർ ഒരുമിച്ച് ജോലി ചെയ്യുന്നതും വേർതിരിച്ച് മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും അമേരിക്കയിലെ സി.ബി.എസ് ചാനൽ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ കിരീടാവകാശി പറഞ്ഞു.
മനുഷ്യാവകാശ തത്വങ്ങളിൽ സൗദി അറേബ്യ വിശ്വസിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ അമേരിക്കയിലുള്ള അതേ മാനദണ്ഡങ്ങളല്ല സൗദിയിലുള്ളത്. 1979 ൽ ഇറാനിൽ ഖുമൈനി, വിഭാഗീയ ആശയ സംഹിതയുടെ അടിസ്ഥാനത്തിലുള്ള ഭരണകൂടം സ്ഥാപിച്ചതിനു ശേഷമാണ് തീവ്രവാദ കാഴ്ചപ്പാടിലൂടെ ഇസ്‌ലാമിനെ സമീപിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ സൗദിയിൽ ആരംഭിച്ചത്. ഈ ആശയങ്ങളിൽ പലതും പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ ജീവിത രീതിക്ക് വിരുദ്ധമായിരുന്നു. 40 വർഷം മുമ്പ് മറ്റു രാജ്യങ്ങളിലേതു പോലെ സാധാരണ നിലയിലുള്ള ജീവിതമാണ് സൗദികളും നയിച്ചത്. അക്കാലത്ത് സ്ത്രീകൾ വാഹനമോടിക്കുകയും എല്ലായിടത്തും വനിതകൾ തൊഴിലെടുക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് ധരിക്കുന്നതിനുള്ള മാന്യമായ വസ്ത്രം സ്ത്രീകൾ തന്നെയാണ് തെരഞ്ഞെടുക്കേണ്ടത്. പുരുഷന്മാരെ പോലെ സ്ത്രീകളും മാന്യമായ വേഷം ധരിക്കണമെന്നാണ് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നത്. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ സൗദിയിൽ വീഴ്ചകളില്ല എന്ന് താൻ പറയുന്നില്ല. ഇത്തരം വീഴ്ചകൾ പരിഹരിക്കാൻ ശ്രമിച്ചുവരികയാണ്.
സ്ത്രീകൾ വാഹനമോടിക്കുന്നത് സൗദിയിൽ പുതിയ സംഭവമല്ല. മുമ്പു കാലത്തും സൗദിയിൽ വനിതകൾ വാഹനമോടിച്ചിരുന്നു. സൗദിയിലെ ഭൂരിഭാഗം നഗരങ്ങളിലും സിനിമാ തിയേറ്ററുകളുമുണ്ടായിരുന്നു. വനിതകൾക്ക് അവകാശങ്ങൾ വകവെച്ചു നൽകുന്നതിൽ സൗദി അറേബ്യ ഏറെ മുന്നോട്ടു പോയിട്ടുണ്ട്.
ഇറാൻ സൗദി അറേബ്യക്ക് എതിരാളിയല്ല. അൽഖാഇദയുടെ പുതിയ നേതാവ് ഉസാമ ബിൻ ലാദിന്റെ പുത്രനും മറ്റു അൽഖാഇദ നേതാക്കൾക്കും ഇറാൻ അഭയം നൽകുന്നു. യെമനിൽ ഇറാൻ നുഴഞ്ഞുകയറി. ഇറാൻ പിന്തുണയുള്ള മിലീഷ്യകൾ സൗദി അതിർത്തിക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഇറാൻ ആത്മീയ നേതാവ് അലി ഖാംനഇ പുതിയ ഹിറ്റ്‌ലറാണ്. മേഖലയിൽ ആധിപത്യം വിപുലീകരിക്കുന്നതിന് ആഗ്രഹിക്കുന്ന അലി ഖാംനഇ മധ്യപൗരസ്ത്യദേശത്ത് സ്വന്തം പദ്ധതി നടപ്പാക്കുകയാണ്. യെമനിൽ ഹാനികരവും നിഷേധാത്മകവുമായ പങ്കാണ് ഇറാൻ വഹിക്കുന്നത്. മറ്റു രാജ്യങ്ങൾ അന്വേഷിച്ചുവരുന്ന ഭീകരർക്ക് അഭയം നൽകുന്ന ഇറാൻ അവരെ കൈമാറുന്നതിന് വിസമ്മതിക്കുകയാണ്. ഇറാനേക്കാൾ വലിയ സമ്പദ്‌വ്യവസ്ഥയാണ് സൗദിയുടേത്. മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ അഞ്ചു സൈനിക ശക്തികളിൽ ഇറാൻ പെടില്ല. ആണവായുധം സ്വന്തമാക്കണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ സൗദി അറേബ്യയും അണുബോംബ് സ്വന്തമാക്കും. ഇറാന്റെ വിപുലീകരണ പദ്ധതികൾ മധ്യപൗരസ്ത്യദേശത്തിന്റെ സുരക്ഷക്ക് ഗുരുതരമായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിം ബ്രദർഹുഡിന്റെ സ്വാധീനം പൂർണമായും ഇല്ലാതാക്കും. മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തകർക്ക് മുമ്പ് വിദ്യാഭ്യാസ സംവിധാനത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ഇപ്പോൾ അവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസ മേഖല വിട്ടിട്ടുണ്ട്. വളരെ കുറച്ചു പേർ മാത്രമാണ് അവശേഷിക്കുന്നത്. മുസ്‌ലിം ബ്രദർഹുഡിന്റെ സ്വാധീനം വൈകാതെ ഇല്ലാതാക്കും. വിദ്യാഭ്യാസ സംവിധാനത്തിൽ തീവ്രവാദ സംഘടന നുഴഞ്ഞുകയറുന്നത് ലോകത്ത് ഒരു രാജ്യത്തിനും അംഗീകരിക്കാൻ കഴിയില്ല.
അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ലക്ഷ്യം പണം സമാഹരിക്കുകയല്ല. മറിച്ച്, അഴിമതി നടത്തുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന സന്ദേശം നൽകാനാണ് ഉന്നമിടുന്നത്. അഴിമതി കേസുകൾ ഒത്തുതീർപ്പാക്കിയതിലൂടെ പതിനായിരം കോടിയിലേറെ ഡോളർ പൊതുഖജനാവിൽ തിരിച്ചെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അഴിമതിക്കാർക്കെതിരായ നടപടി അനിവാര്യവുമായിരുന്നു. അഴിമതി കാരണം എല്ലാ വർഷവും 2,000 കോടി ഡോളർ സർക്കാർ ഖജനാവിൽനിന്ന് നഷ്ടപ്പെട്ടിരുന്നു.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉലയ്ക്കുന്നതിനാണ് സെപ്റ്റംബർ 11 ആക്രമണത്തിന് 15 സൗദികളെ ഉസാമ ബിൻ ലാദിൻ റിക്രൂട്ട് ചെയ്തത്. സൗദി അറേബ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉസാമ ബിൻ ലാദിൻ സൃഷ്ടിച്ച വിള്ളൽ പരിഹരിക്കുന്നതിൽ അടുത്ത കാലത്ത് സൗദി അറേബ്യ വലിയ തോതിൽ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.