ഇടുക്കി- പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 17 വര്‍ഷം കഠിനതടവും മൂന്നുലക്ഷം പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എല്‍. എസ്റ്റേറ്റ് ലയത്തിലെ അനീഷ് കുമാറി(21)നെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ്‍ എം. ജോസഫ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം 300 ദിവസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2017 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ പലതവണ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന് ഏഴു വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയുമാണ് ശിക്ഷ.
ആവര്‍ത്തിച്ചുള്ള കുറ്റത്തിന് 10 വര്‍ഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. കുട്ടിയുടെ പുനരധിവാസത്തിനായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.