Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പകുതിയോളം റെന്റ് എ കാർ സ്ഥാപനങ്ങൾ അടച്ചു

ജിദ്ദയിലെ റെന്റ് എ കാർ ഓഫീസിൽ മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല ആലുത്വാവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. 

ജിദ്ദ - സൗദിവൽക്കരണം നടപ്പാക്കാത്ത നൂറുകണക്കിന് റെന്റ് എ കാർ ഓഫീസുകൾ ശിക്ഷാ നടപടികൾ ഭയന്ന് അടച്ചിട്ടു. ഞായറാഴ്ച മുതലാണ് റെന്റ് എ കാർ ഓഫീസുകൾക്കും കമ്പനികൾക്കും സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയത്. പിഴ ഒഴിവാക്കാനായി രാജ്യമൊട്ടുക്കും 50 ശതമാനത്തോളം റെന്റ് എ കാർ സ്ഥാപനങ്ങൾ ആദ്യ ദിവസം അടച്ചിട്ടതായാണ് കണക്ക്. 
സൗദിവൽക്കരണ തീരുമാനം ലംഘിച്ച് വിദേശികൾ ജോലി ചെയ്താൽ ഒരാൾക്ക് 20,000 റിയാൽ തോതിൽ ഒരാൾക്ക് പിഴ ചുമത്തും.
ജിദ്ദ എയർപോർട്ടിൽ പ്രവർത്തിക്കുന്ന റെന്റ് എ കാർ ഓഫീസുകളിൽ 80 ശതമാനത്തോളം സ്ഥാപനങ്ങൾ ഞായറാഴ്ച സൗദിവൽക്കരണം പാലിച്ചു. ചില സ്ഥാപനങ്ങൾ റിസീവിംഗ്, ഡെലിവറി, വാഹന പരിശോധനാ ജോലികൾ സൗദിവൽക്കരിച്ചിട്ടില്ല. വാടക കാലത്ത് കാറുകളിലുണ്ടാകുന്ന കേടുപാടുകളും തകരാറുകളും പരിശോധിച്ച് കണ്ടെത്തുന്നതിന് വേണ്ടത്ര പരിചയ സമ്പത്ത് സൗദി യുവാക്കൾക്കില്ലാത്തതാണ് ഇത്തരം ജോലികളിൽ സൗദികളെ നിയമിക്കാത്തതെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു. രാവിലെയും വൈകിട്ടുമായി രണ്ടു ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടിവരുന്നതാണ് ഈ മേഖലയിൽ സൗദി യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് റെന്റ് എ കാർ ഓഫീസിൽ പുതുതായി ജോലിയിൽ പ്രവേശിച്ച മുഹമ്മദ് അൽഗാംദി പറഞ്ഞു. റെന്റ് എ കാർ മേഖലയിൽ അക്കൗണ്ടിംഗ്, സൂപ്പർവൈസിംഗ്, സെയിൽസ്, റിസീവിംഗ്-ഡെലിവറി എന്നീ തൊഴിലുകളാണ് സൗദിവൽക്കരിച്ചിരിക്കുന്നത്. 
റെന്റ് എ കാർ മേഖലയിൽ 21,000 ലേറെ സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കണക്കാക്കുന്നത്. വേതനം ആറായിരം റിയാലായി ഉയർത്തണമെന്നും ആഴ്ചയിൽ രണ്ടു ദിവസം അവധി ലഭിക്കണമെന്നും റെന്റ് എ കാർ ഓഫീസുകളിൽ ജോലിയിൽ പ്രവേശിച്ച സൗദി യുവാക്കൾ പറഞ്ഞു. തനിക്ക് 4400 റിയാലാണ് വേതനം നിശ്ചയിച്ചിരിക്കുന്നതെന്ന് യഹ്‌യ അൽഅസീരി പറഞ്ഞു. ജീവിത ചെലവുകൾ കുത്തനെ ഉയർന്ന ഇക്കാലത്ത് ഈ തുക ഒന്നിനും തികയില്ലെന്നും യുവാവ് പറഞ്ഞു. 
ജിദ്ദയിൽ ഞായറാഴ്ച 150 ലേറെ റെന്റ് എ കാർ ഓഫീസുകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും പൊതുഗതാഗ അതോറിറ്റിയും വാണിജ്യ മന്ത്രാലയവും പ്രത്യേക ദൗത്യസേനയും സഹകരിച്ച് പരിശോധന നടത്തി. നഗരത്തിൽ ഒരു റെന്റ് എ കാർ ഓഫീസിൽ മാത്രമാണ് വിദേശി ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല ആലുത്വാവി റെയ്ഡിന് നേതൃത്വം നൽകി. മദീനയിൽ ആദ്യ ദിവസം 47 റെന്റ് എ കാർ ഓഫീസുകളിലാണ് ലേബർ ഓഫീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് പരിശോധന നടത്തിയത്. ഇതിൽ 43 ഓഫീസുകൾ സൗദിവൽക്കരണം പാലിച്ചതായി കണ്ടെത്തി. നാലു സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. 

Latest News