മക്ക- റമദാനിലെ ഉംറ കര്‍മ്മത്തിന് തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്ലിക്കേഷനുകള്‍ വഴിയുള്ള പാസ് നിര്‍ബന്ധമാണെന്ന് ഉംറ സുരക്ഷ സേന മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. മസ്ജിദുല്‍ ഹറാമിലേക്കും അതിന്റെ മുറ്റത്തേക്കും കടക്കാന്‍ പാസ് ആവശ്യമില്ല. മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തി എല്ലാവരും മാസ്‌ക് ധരിക്കല്‍ അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം.
കഅ്ബയോട് ചേര്‍ന്നുള്ള മുറ്റവും ഒന്നാം നിലയും ഉംറക്കാര്‍ക്ക് മാത്രമുള്ളതാണ്. ഉംറ വേശത്തിലുള്ളവരെ മാത്രമേ അങ്ങോട്ട് പ്രവേശിപ്പിക്കുകയുള്ളൂ. മലിക് ഫഹദ്, ഉംറ, അല്‍സലാം, മലിക് അബ്ദുല്‍അസീസ് എന്നീ വാതിലുകളിലൂടെയും മര്‍വ കവാടത്തിലൂടെയും ഉംറക്കാര്‍ക്ക് പ്രവേശനം നല്‍കും.
ഇരുഹറമുകളിലും നിസ്‌കാര സമയത്ത് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ഉംറക്കാരുടെ പ്രവേശനം സ്മാര്‍ട്ട് ഉപകരണങ്ങള്‍ വഴിയാണ് നിയന്ത്രിക്കുന്നത്. ഇരുഹറമുകള്‍ക്ക് സമീപവും യാചകരെ കര്‍ശനമായി നേരിടും. അദ്ദേഹം പറഞ്ഞു.