റിയാദ് - ദീര്‍ഘകാലമായി കേടായിക്കിടക്കുന്നതും ജീര്‍ണാവസ്ഥയിലുള്ളതുമായ വാഹനങ്ങള്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ട്രാഫിക് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കാതെ ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന പുതിയ സേവനം ആഭ്യന്തര സഹമന്ത്രിയും പൊതുസുരക്ഷാ വകുപ്പ് സൂപ്പര്‍വൈസറുമായ ജനറല്‍ സഈദ് അല്‍ഖഹ്താനി ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ വഴി രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ അഞ്ചു പ്രവൃത്തി ദിവസത്തിനകം ട്രാഫിക് ഡയറക്ടറേറ്റിന് കൈമാറിയാല്‍ മതി.
രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന പഴയ വാഹനങ്ങള്‍ വാങ്ങി ആക്രിയാക്കി മാറ്റുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ബിസിനസ് വഴി തങ്ങളുടെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത്, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അംഗീകാരം നേടാന്‍ സാധിക്കും. ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ എളുപ്പത്തില്‍ അറിയാന്‍ പുതിയ സേവനം സ്വദേശികളെയും വിദേശികളെയും സഹായിക്കും.
രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന വാഹനങ്ങള്‍ ആക്രിയാക്കി മാറ്റുന്ന സ്ഥാപനങ്ങള്‍ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. ശേഷം വാഹന ഉടമയുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ നല്‍കണം. ഇതോടെ ട്രാഫിക് ഡയറക്ടറേറ്റിന്റെ രേഖകളില്‍ നിന്ന് വാഹനം നീക്കം ചെയ്യും.
രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന വാഹനങ്ങള്‍ ആക്രിയാക്കി മാറ്റുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് പുതിയ സേവനത്തിന്റെ അംഗീകൃത സെന്ററായി തങ്ങളുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്‌ഫോമിലെ തങ്ങളുടെ അക്കൗണ്ടു വഴിയാണ് സ്ഥാപന ഉടമകള്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ട്രാഫിക് ഡയറക്ടറേറ്റ് അപേക്ഷ പഠിച്ച് അംഗീകരിച്ച ശേഷം പുതിയ സേവനം പ്രയോജനപ്പെടുത്താനുള്ള അധികാരം അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ക്കും. ഇതോടെ പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ സ്ഥാപന ഉടമകള്‍ക്ക് സാധിക്കും.
ജീര്‍ണാവസ്ഥയിലുള്ള വാഹനങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉടമകള്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് തൊട്ടടുത്ത അംഗീകൃത സെന്ററുകള്‍ മനസ്സിലാക്കി അവിടെയെത്തി വാഹനവും നമ്പര്‍ പ്ലേറ്റുകളും കൈമാറുകയാണ് വേണ്ടത്. തങ്ങളുടെ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പറും ഇവര്‍ കൈമാറണം. വാഹന ഉടമകളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ അംഗീകൃത സെന്റര്‍ സിസ്റ്റത്തില്‍ നല്‍കുന്നതോടെ വാഹനങ്ങള്‍ രേഖകളില്‍ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്ന ജീര്‍ണാവസ്ഥയിലുള്ള വാഹനങ്ങളുടെ പേരിലുള്ള പിഴകള്‍ എഴുതിത്തള്ളുമെന്നും, വൃത്തിയുള്ള പരിസ്ഥിതി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സല്‍മാന്‍ അല്‍ജുമൈഇ പറഞ്ഞു.