Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ ആറു കോടി  സമ്മാനമടിച്ചത് മുന്‍ പ്രവാസിയ്ക്ക് 

തൃപ്പുണിത്തുറ- കേരളത്തിന്റെ ആറു കോടി  ബമ്പര്‍ സമ്മാനമടിച്ചത് മുന്‍ പ്രവാസിയ്ക്ക് . ചോറ്റാനിക്കര എരുവേലിയിലെ പൊന്നൂസ് ടെക്‌സ്‌റ്റൈല്‍സ് ഉടമ കെ.പി. റെജിയാണ് ഒന്നാം സമ്മാനമായ 6 കോടി അടിച്ചത്. പ്രവാസിയായിരുന്ന റെജി ജോലി ഉപേക്ഷിച്ച ശേഷം 18 വര്‍ഷമായി എരുവേലിയില്‍ തുണിക്കട  നടത്തുകയാണ്. നറുക്കെടുപ്പ് കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണ് ഭാഗ്യവാനെ കണ്ടെത്തിയത്. ലഭിക്കുന്ന പണം ഉപയോഗിച്ചു ബാധ്യതകള്‍ തീര്‍ക്കുകയാണു പ്രഥമ ലക്ഷ്യമെന്നു റെജി പറഞ്ഞു. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ചോറ്റാനിക്കരയില്‍ പോയപ്പോള്‍ കെഎസ്ഇബി ഓഫിസിനു മുന്നില്‍ നിന്ന സ്ത്രീയില്‍ നിന്നാണു ലോട്ടറി വാങ്ങിയത്. സുനിയാണു ഭാര്യ. വിദ്യാര്‍ഥികളായ റാണിമോള്‍, ബേസില്‍ എന്നിവര്‍ മക്കളാണ്.ചോറ്റാനിക്കരയില്‍ നിന്നു വിറ്റ ടിക്കറ്റിനാണ് ബംപര്‍ അടിച്ചതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ആര്‍ക്കാണ് അടിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. 
ഒന്നാം സമ്മാനം താനെടുത്ത ലോട്ടറിക്കാണെന്ന് നറുക്കെടുപ്പ് നടന്ന് അടുത്ത ദിവസം തന്നെ റെജി മനസ്സിലാക്കിയിരുന്നു. കടയിലെത്തി പത്രം നോക്കിയാണ് ഫലം അറിഞ്ഞത്. ടിക്കറ്റ് യൂണിയന്‍ ബാങ്ക് മുളന്തുരുത്തി ശാഖയില്‍ ഏല്‍പിച്ചു. അടുത്ത ദിവസം തന്നെ ബാങ്ക് ഉദ്യോഗസ്ഥനൊപ്പം തിരുവനന്തപുരത്തെത്തി ലോട്ടറി ഡയറക്ടറുടെ ഓഫിസില്‍ ടിക്കറ്റ് ഏല്‍പിച്ചു. വീട്ടുകാരോട് മാത്രമാണ് ലോട്ടറി അടിച്ചതിനെക്കുറിച്ച് റെജി പറഞ്ഞത്. സ്വകാര്യത കണക്കിലെടുത്താണ് ആരോടും വിവരം പറയാതിരുന്നത്.  


 

Latest News