കൊച്ചി-ഹിജാബ് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂര്‍. തലമറയ്ക്കല്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. അല്ലാതെ മുസ്ലീം സംസ്‌കാരത്തിന്റെ മാത്രം ഭാഗമല്ല. മറാഠ, രജപുത്ര, ജാട്ട്, യാദവ് തുടങ്ങി വിഭാഗങ്ങില്‍ തലമറയ്ക്കല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ മുസ്ലിംകളും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ.്
എം.ഇ.എസിന്റെ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കേണ്ടവര്‍ക്ക് ധരിക്കാം. ഹിജാബ് വേണ്ട എന്ന് കരുതുന്ന മുസ്ലിംകളില്‍ പെട്ടവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ മുഖം മൂടി അംഗീകരിക്കാനാവില്ല. മുസ്ലിം എജുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മതം നോക്കിയുമല്ല അദ്ധ്യാപകരെ നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസിന്റ പ്രസിഡന്റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ജന്മനാടായ ആലുവയില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ മുന്നേ നടക്കുന്ന നേതാവാണ് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂറെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ നിലവാരം കൂടി അളക്കപ്പെടുന്ന കാലമാണിത്. എം.ഇ.എസിന്റെ ഓരോ ക്യാമ്പസും സെന്റര്‍ ഓഫ് ഏക്സലന്‍സ് ആണെന്നും, ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായി ഉന്നതിയിലെത്താന്‍ എം.ഇ.എസിന്റെ പ്രവര്‍ത്തം കൊണ്ട് സാധ്യമാകുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ലിയാഖത്ത് അലിഖാന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച പൗരസ്വീകരണത്തില്‍ എം.ഇ.എസ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട ടി.എം.സക്കീര്‍ ഹുസൈന്‍, എം.എം.അഷറഫ് എന്നിവരെയും ആദരിച്ചു.