റിയാദ് - ഷോപ്പിംഗ് മാളുകള്‍ക്കകത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ 100 ശതമാനം സൗദിവല്‍ക്കരണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സീസണല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ 70 ശതമാനവും ഷോപ്പിംഗ് മാളുകള്‍ക്കകത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ 100 ശതമാനവും സൗദിവല്‍ക്കരണമാണ് നടപ്പാക്കേണ്ടത്.
വിനോദ മേഖലയിലെ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് പ്രഖ്യാപിച്ചത്. സ്വദേശി യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ സ്വദേശികളുടെ സംഭാവന വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ 23 മുതല്‍ ഈ മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാണ്.
ശാഖാ മാനേജര്‍, സെക്ഷന്‍ മാനേജര്‍, സെക്ഷന്‍ സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ശാഖാ മാനേജര്‍, ക്യാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നിവയാണ് വിനോദ മേഖലയില്‍ സൗദിവല്‍ക്കരണ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്ന പ്രധാന തൊഴിലുകള്‍. ശുചീകരണ തൊഴിലാളി, കയറ്റിറക്ക് തൊഴിലാളി, ഉയര്‍ന്ന ശേഷികളും പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റുകളുമുള്ള ഓപ്പറേറ്റര്‍മാരെ ആവശ്യമായ കളിയുപകരണങ്ങളുടെ ഓപ്പറേറ്റര്‍മാര്‍ എന്നിവ അടക്കം ഏതാനും തൊഴിലുകളെ സൗദിവല്‍ക്കരണ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സൗദിവല്‍ക്കരണം കണക്കാക്കുന്നതിനുള്ള സംവിധാനവും നിയമ ലംഘകര്‍ക്കുള്ള പിഴകളും അറിയാന്‍ തൊഴിലുടമകളെയും സ്ഥാപനങ്ങളെയും സഹായിക്കുന്ന ഗൈഡും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
വിവിധ പ്രവിശ്യകളില്‍ തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്താനും സമ്പദ്‌വ്യവസ്ഥയില്‍ അവരുടെ സംഭാവന വര്‍ധിപ്പിക്കാനുമാണ് വിനോദ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.