റിയാദ് - രണ്ടു വർഷം നീണ്ട ഇടവേളക്കു ശേഷം ഇത്തവണത്തെ റമദാനിൽ ഇഫ്താർ വിതരണത്തിന് രാജ്യത്തെ ജുമാമസ്ജിദുകളോടും മസ്ജിദുകളോടും ചേർന്ന് തമ്പുകൾ സ്ഥാപിക്കുന്ന ജോലികൾ തകൃതിയായി നടക്കുന്നു. കൊറോണ മഹാമാരി വ്യാപനം തടയാൻ ശ്രമിച്ച് ബാധകമാക്കിയ മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇഫ്താർ തമ്പുകൾക്ക് വിലക്കുണ്ടായിരുന്നു. മസ്ജിദുകളോടും മറ്റും ചേർന്ന് സ്ഥാപിക്കുന്ന തമ്പുകളിലെ ഇഫ്താർ വിതരണം വിദേശ തൊഴിലാളികൾക്കും നിർധനർക്കും യാത്രക്കാർക്കും ഏറെ അനുഗ്രഹമാണ്.
കോവിഡ് നിയന്ത്രണ വിധേയമാവുകയും മുൻകരുതൽ, പ്രതിരോധ നടപടികൾ എടുത്തുകളയുകയും ജനജീവിതം പൂർവസ്ഥിതിയിലാവുകയും ചെയ്തതോടെയാണ് ഇഫ്താർ വിതരണത്തിന് അധികൃതർ അനുമതി നൽകിയത്. മക്കയിലെ വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും ഇത്തവണ ഇഫ്താർ വിതരണമുണ്ടാകും. സന്നദ്ധ സംഘടനകളും ഫൗണ്ടേഷനുകളും ഉദാരമതികളും മസ്ജിദുകൾക്കു സമീപമുള്ള താമസക്കാരും മറ്റുമാണ് ഇഫ്താർ തമ്പുകളിൽ ഇഫ്താർ വിതരണ ചെലവ് വഹിക്കാറ്. പുണ്യം പ്രതീക്ഷിച്ച് വ്രതാനുഷ്ഠാനക്കാർക്കിടയിൽ ഇഫ്താർ വിതരണത്തിന് ഉദാരമതികളും മറ്റും മത്സരിക്കുന്ന കാഴ്ചകൾ സാധാരണമാണ്.
ചില മസ്ജിദുകളിൽ പ്രത്യേക തമ്പുകൾ സ്ഥാപിക്കാതെയും ഇഫ്താർ വിതരണം നടത്താറുണ്ട്. മസ്ജിദുകളുടെ മുറ്റങ്ങളിലും പള്ളികൾക്കകത്തും പ്രത്യേക സൗകര്യമൊരുക്കിയാണ് ഇഫ്താർ വിതരണം നടത്തുന്നത്. വ്യത്യസ്ത ഇനം ചോറുകളും ഇറച്ചിയും ജ്യൂസുകളും മോരും തൈരും കാപ്പിയും വെള്ളവും ഈത്തപ്പഴവും പഴങ്ങളും റൊട്ടിയും മറ്റും ഇഫ്താർ തമ്പുകളിൽ വിതരണം ചെയ്യാറുണ്ട്.