Sorry, you need to enable JavaScript to visit this website.

തുടര്‍ ഭരണം കട്ടിയതിന്റെ അഹങ്കാരം; മദ്യഷാപ്പുകള്‍ അഴിമതി നടത്തി പണമുണ്ടാക്കാന്‍-വി.ഡി.സതീശന്‍

തിരുവനന്തപുരം- അഴിമതി നടത്തി പണമുണ്ടാക്കാനാണ് കൂടുതല്‍ മദ്യശാലകളും ബ്രൂവറികളും അനുവദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണു പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി മാത്രമാണു സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതി ആരോപണത്തെ തുടര്‍ന്നു തടഞ്ഞു വെക്കപ്പെട്ട ഡിസ്റ്റിലറികളും ബ്രൂവറികളും പുതിയ കുപ്പായം ഇട്ട് വീണ്ടും തുറക്കാനുള്ള ശ്രമമാണിത്. തുടര്‍ഭരണം കിട്ടയതിന്റെ അഹങ്കാരത്തിലാണ് ഡിസ്റ്റിലറികളും ബ്രൂവറികളും വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിമര്‍ശിച്ചയാളാണ് പിണറായി വിജയന്‍. കൂടുതല്‍  ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. മദ്യ വര്‍ജന സമിതികളെയും മദ്യ വിരുദ്ധ പ്രവര്‍ത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാന്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നുമാണ് പിണറായി പറഞ്ഞത്.

എല്‍ഡിഎഫ് വന്നു. എല്ലാം ശരിയായി എന്ന അവസ്ഥയാണ് കേരളത്തില്‍. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രി ആയപ്പോള്‍ മദ്യവര്‍ജന സമിതികളെയും മദ്യവിരുദ്ധ സമിതികളെയും ഒന്നിച്ചു നിര്‍ത്തി മദ്യത്തെ ചെറുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായുള്ളതാണോ മദ്യനയമെന്ന് പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളോട് പറയണം. ഡിസ്റ്റിലറികളും ബ്രൂവറികളും ബാറുകളും അനുവദിക്കുന്നത് അഴിമതി നടത്തി പണമുണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ്. കേരളത്തില്‍ ആവശ്യത്തിന് ബാറുകള്‍ ഇല്ലെന്നൊരു പരാതിയില്ല. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളില്‍ ബാറുകളും ബവ്‌റീജസ് ഔട്‌ലെറ്റുകളുമുണ്ട്. ഈ പശ്ചാത്തലത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുടങ്ങാനുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടുള്ളതാണ്- സതീശന്‍ പറഞ്ഞു.

 

Latest News