കൊച്ചി- ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പ്രധാന തെളിവുകള്‍ കൈവശമുണ്ടായിരുന്നിട്ടും പുറത്തുവിടാന്‍ വൈകിയതിനെ കുറിച്ചാണ് കോടതിയുടെ ചോദ്യം. ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടെന്ന് സംശയിക്കില്ലേ എന്നും ഹൈക്കോടതി ആരാഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി സുപ്രധാന ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ കോടതിയുടെ ഈ ചോദ്യങ്ങള്‍ നിലവില്‍ പ്രസക്തമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ദിലീപ് നശിപ്പിച്ചു. ഫോണിലുണ്ടായിരുന്ന തെളിവുകള്‍ മുംബൈയിലെ സ്ഥാപനം വഴിയാണ് നീക്കിയത്. ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഏഴ് ഫോണുകള്‍ കൈവശമുള്ള ദിലീപ് ആറ് ഫോണുകള്‍ മാത്രമാണ് പോലീസിന് പരിശോധിക്കാന്‍ നല്‍കിയതെന്നും അതിനാല്‍ കേസ് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹരജി തള്ളണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.