Sorry, you need to enable JavaScript to visit this website.

വിനുവിന് പിന്തുണ; കട്ടായ കേബിൾ  പുതുക്കിയെന്ന് നടൻ ജോയ് മാത്യു

കോഴിക്കോട്- ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകൻ വിനു വി.ജോണിന് പിന്തുണ നൽകാൻ, കട്ടായിരുന്ന കേബിൾ കണക്ഷൻ പുതുക്കിയെന്ന് നടൻ ജോയ് മാത്യു. വിനു നിർഭയനായ മാധ്യമ പ്രവർത്തകനാണ്. അദ്ദേഹം ധാർമിക പിന്തുണ അർഹിക്കുന്നുണ്ട്. ക്രൂരമായ സൈബർ ആക്രമണങ്ങൾക്ക് വിട്ടുകൊടിക്കരുത് -ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
'കുറച്ചു കാലമായി വാർത്താ ചാനലുകൾ ഒന്നും കാണാറില്ല. പത്രങ്ങളും ഓൺലൈനും ആവശ്യത്തിലധികം വാർത്തകൾ തരുന്നുണ്ടല്ലോ. അതിനാൽ കണക്ഷനും കട്ട് ചെയ്തു. പക്ഷേ ഇന്ന് വീണ്ടും ഞാൻ കണക്ഷൻ പുതുക്കി. ഏഷ്യാനെറ്റ് ന്യൂസ് കാണാൻ മാത്രമല്ല, നിർഭയനായ ഒരു മാധ്യമ പ്രവർത്തകന് ധാർമികമായ പിന്തുണ നൽകാൻ, അദ്ദേഹം അത് അർഹിക്കുന്നുമുണ്ട് -ജോയ് മാത്യു പറഞ്ഞു.
ദേശീയ പണിമുടക്കിന്റെ സമയത്ത് നടന്ന ചർച്ചക്കിടെ 'സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ചു പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കി വിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചു വിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു,' എന്ന വിനു വി.ജോണിന്റെ ചർച്ചക്കിടെയുള്ള പരാമർശത്തിനെതിരെ വിമർശനമുയരുമ്പോഴാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

'പണി മുടങ്ങിയാലും പലിശ മുടങ്ങില്ല' 

കോഴിക്കോട്- രണ്ടു ദിവസത്തെ പണിമുടക്കിനെതിരെ രണ്ടു പോസ്റ്റുകൾ ജോയ് മാത്യുവിന്റേതായി വന്നു. ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന എല്ലാർക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട് എന്ന പ്രതികരണമായിരുന്നു ആദ്യത്തേത്. പണി മുടങ്ങിയാലും പലിശ മുടങ്ങില്ല എന്ന പോസ്റ്റിൽ പണിമുടക്ക് ദിവസത്തെ അക്രമത്തെ അപലപിക്കുന്നു. 
നഴ്‌സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളിൽ കണ്ടു. 'മൂന്നു മാസം മുൻപ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത്?' തലയിൽ ചകിരിച്ചോർ മാത്രമുള്ളവരുടെ ചോദ്യമാണത്.
മുൻകൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലു ദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയൻ നേതാക്കൾ തീരുമാനിക്കുന്നു. അടിമകൾ അനുസരിക്കുന്നു.
ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓർക്കുക ബാങ്കിൽ നിന്നും വായ്പയെടുത്തവർ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും). പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവൺമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത്? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത്?
അതെങ്ങനെ? ഇവിടെ മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും. പൊതുജനം എന്നും കഴുതകൾ ആവില്ല -ജോയ് മാത്യു കുറിച്ചു.

Latest News