Sorry, you need to enable JavaScript to visit this website.

പോലീസ് സംഘത്തെ വധിക്കാന്‍ ക്വട്ടേഷന്‍; നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കും

കൊച്ചി- നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 'വി ഐ പി' എന്ന് വിശേഷിപ്പിക്കപ്പെട്ട ശരത് പ്രതി. അഞ്ച് പ്രതികളുള്ള കേസില്‍ ആറാം പ്രതിയായിട്ടാണ് ശരത്തിനെ ഉള്‍പ്പെടുത്തുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്താണ് അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാനുള്ള ഗൂഢാലോചന ഏകോപിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ച്ചയായി രണ്ടാം ദിവസവും കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് വിധേയനായ ശരത്തിനെ രാത്രി വൈകിയും വിട്ടയച്ചിട്ടില്ല. ഹൈക്കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ദിലീപ് ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സഞ്ചരിച്ച കാര്‍ അപകടപ്പെടുത്താനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബൈജു പൗലോസിന്റെ കാറിന്റെ നമ്പര്‍ ബാംഗ്ലൂരിലുള്ള ഒരാള്‍ക്ക് വാട്‌സാപ്പ് ചെയ്ത് കൊടുത്തടക്കമുള്ള തെളിവുകളാണ് ഇതിന് ആധാരമായി അന്വേഷണ സംഘം മുന്നോട്ടു വെക്കുന്നത്. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയാണ് കാറിന്റെ നമ്പര്‍ ബാംഗ്ലൂരിലുള്ള ആള്‍ക്ക് അയച്ചത്. ഇയാള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ആളാണെന്നാണ് വിവരം. 2017 നവംബര്‍ 15 ന് കൃത്രിമ അപകടം സൃഷ്ടിക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറയുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിനെ നോട്ടീസ് നല്‍കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഇന്നലെ മുതല്‍ സൂരജിന് ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫാണ്. ശരത്തിനെയും സൂരജിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള നീക്കം കാവ്യാ മാധവന്റെ അറിവോടെയാണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയിലാണ് ഈ സൂചനയുള്ളത്. എന്നാല്‍ ഗൂഢാലോചന കേസില്‍ കാവ്യയെ പ്രതിയാക്കുമോ എന്ന വ്യക്തമായിട്ടില്ല.
അതേസമയം  നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ വീട്ടിലെത്തിയായിരിക്കും മൊഴിയെടുക്കുകയെന്നാണ് വിവരം. നടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നാണ് പള്‍സര്‍ സുനി തുടക്കത്തില്‍ മൊഴി നല്‍കിയിരുന്നത്. തന്റെ മാഡം കാവ്യയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വഴിക്ക് അന്വേഷണം മുന്നോട്ടു പോയില്ല. ഇപ്പോള്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ ഒരു സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച് താന്‍ ജെയിലിലായി എന്ന പരാമര്‍ശമുള്ളതും ദൃശ്യങ്ങളടങ്ങിയ ടാബ് ദിലീപ് കാവ്യയെയാണ് ഏല്‍പിച്ചതെന്ന് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയതുമാണ് കാവ്യ അന്വേഷണ പരിധിയില്‍ വരാന്‍ കാരണം. എന്നാല്‍ കാവ്യ കേസില്‍ പ്രതിയാകില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കാവ്യയാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്ന് വന്നാല്‍ ദിലീപിനെതിരായ കേസ് പാടേ ദുര്‍ബലമാകുമെന്നതാണ് കാവ്യയിലേക്ക് അന്വേഷണം ഗൗരവമായി കൊണ്ടു പോകാതിരിക്കാന്‍ കാരണം. എന്നാല്‍ കോടതിയില്‍ ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

 

Latest News