Sorry, you need to enable JavaScript to visit this website.

ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം- ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ച് ഉത്തരവിറങ്ങി. ഇടതുമുന്നണി യോഗം നിരക്ക് വര്‍ധനക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗതാഗതമന്ത്രി ആന്റണി രാജു വര്‍ധന പ്രഖ്യാപിച്ചത്. നിരക്ക് വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകളുടെ നിരക്കും വര്‍ധിപ്പിക്കും.

ബസുകളിലെ മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 10 രൂപയായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഓരോ കിലോമീറ്ററിനും 90 പൈസ എന്നത് ഒരു രൂപയായി വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കും.

ഓട്ടോ മിനിമം ചാര്‍ജ് രണ്ടു കിലോമീറ്ററിന് 30 രൂപയായി. അധിക കിലോമീറ്ററിന് 15 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. ഓട്ടോ മിനിമം ചാര്‍ജില്‍ ഇനി രണ്ടു കിലോമീറ്റര്‍ സഞ്ചരിക്കാം. നിലവില്‍ ഒന്നര കിലോമീറ്റര്‍ ആയിരുന്നു സഞ്ചരിക്കാവുന്ന രൂപ.

1500 സി.സി വരെയുള്ള  ടാക്‌സി കാറിനുള്ള മിനിമം നിരക്ക് 200 രൂപയായി ഉയര്‍ത്തി. നിലവില്‍ ഇത് 175 രൂപയായിരുന്നു. അധിക കിലോമീറ്ററിന് 15 ല്‍നിന്ന് 18 രൂപയാകും. 1500 സി.സിക്ക് മുകളില്‍ നിലവിലെ 200 രൂപയില്‍നിന്ന് 225 രൂപയാകും. അധിക കിലോമീറ്ററിന് 17 ല്‍നിന്ന് 20 രൂപയാകും. വെയ്റ്റിംഗ് ചാര്‍ജ് രാത്രി കാല യാത്ര എന്നിവക്ക് നിലവിലെ ചാര്‍ജ് തുടരും.

 

Latest News