Sorry, you need to enable JavaScript to visit this website.

അനാഥമായി കാലിക്കറ്റ് എയർപോർട്ട് 


ഇന്ത്യയിൽനിന്ന് വിദേശ വിമാന സർവീസുകൾ പുനരാരംഭിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷം മുമ്പാണ് വിമാന സർവീസുകൾ നിർത്തിവെച്ചത്. എല്ലാ വിമാനത്താവളങ്ങളും ആവേശത്തോടെ വേനൽക്കാല ഷെഡ്യൂൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എല്ലായിടത്തും നാന്നൂറും അഞ്ഞൂറും പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളുൾപ്പെടുത്തി പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ കാലിക്കറ്റിൽ ഇരുന്നൂറിൽ കൂടുതൽ യാത്രക്കാരെ പറ്റില്ല. ഇടത്തരം വിമാനങ്ങളേ ഇവിടെനിന്ന് പറക്കാൻ അനുവാദമുള്ളൂ. രണ്ടു വർഷം മുമ്പ് സംഭവിച്ച അപകടത്തിന്റെ പേരിലാണ് നിരോധം. അങ്ങനെയെങ്കിൽ ദൽഹി എയർപോർട്ടിൽ തിങ്കളാഴ്ച രാവിലെ വൈദ്യുതി തൂണിൽ സ്വകാര്യ വിമാനത്തിന്റെ ചിറകിടിച്ച് സർവീസുകൾ നിർത്തിവെക്കാൻ ആരും കൽപിച്ചില്ലല്ലോ. ഇത് സൂക്കേട് അതൊന്നുമല്ല. എന്തെങ്കിലും കാരണം പറഞ്ഞ് എയർപോർട്ട് ഇല്ലാതാക്കുക. പാർലമെന്റിന്റെ ഇരുസഭകളിലും ഈ പ്രദേശത്തുനിന്നുള്ള മിണ്ടാപ്രാണികൾ ജനപ്രതിനിധികളായുള്ളതിനാൽ ഏത് ഉദ്ദേശ്യവും നടക്കും. കാലിക്കറ്റ് വിഷയത്തെക്കുറിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംസാരിച്ചത് ഇപ്പോഴത്തെ സെഷനിലാണ്. വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു എം.പി അവിടെ സംസാരിച്ചു. പാലക്കാട്-മലപ്പുറം ജില്ലകൾക്ക് പ്രയോജനപ്പെടും വിധം പാലക്കാട്ട് ഒരു ചെറിയ വിമാനത്താവളം വേണമെന്നതായിരുന്നു പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ആവശ്യം. നടക്കുന്നെങ്കിൽ നടക്കട്ടെ, നല്ല കാര്യം. 
കേരളത്തിൽ പൊതുമേഖലയിൽ അവശേഷിക്കുന്ന ഏക വിമാനത്താവളമാണ് കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള ഈ വിമാനത്താവളം മലബാർ പ്രവാസികളുടെ ഗേറ്റ്‌വേയാണ്. കേരളത്തിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം (തിരുവനന്തപുരം) മാത്രമുണ്ടായിരുന്നപ്പോൾ കോഴിക്കോട്ട് അന്താരാഷ്ട്ര താവളം വേണമെന്ന ആവശ്യമുയർന്നു. അന്ന് കേന്ദ്ര വ്യോമ ഗതാഗത മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞത് അഞ്ഞൂറ് കിലോമീറ്റർ ദൂരത്തിനിടക്ക് രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം പറ്റില്ലെന്നായിരുന്നു. ഇപ്പറഞ്ഞതിൽ കാര്യമില്ലെന്ന് പിൽക്കാലത്ത് നെടുമ്പാശ്ശേരിയും കരിപ്പൂരും രാജ്യാന്തര പദവിയിലേക്ക് ഉയർന്നപ്പോൾ വ്യക്തമാവുകയും ചെയ്തു. ലോകം വിരൽ തുമ്പിലൊതുങ്ങിയ ഇക്കാലത്ത് കടലുകൾ താണ്ടി ജീവിത മാർഗം തേടുന്ന യുവാക്കൾക്ക് കൂടുതൽ കവാടങ്ങൾ തുറക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്. കോഴിക്കോടിന് പുറമെ കണ്ണൂരിലും വിമാനത്താവളം വന്നത് മലബാറിന്റെ വികസനത്തിന് സഹായകമായെന്നതിൽ സംശയമില്ല. നൂറ് കിലോ മീറ്ററിൽ താഴെ ആകാശ ദൂരത്താണ് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. 
തൊഴിൽ അന്വേഷിച്ച് ലോകത്തിന്റെ  നാനാഭാഗത്തേക്കും മലയാളികൾ കുടിയേറ്റം തുടങ്ങിയിട്ട് കാലമേറെയായി. അഞ്ച് ദശകങ്ങൾക്ക്  മുമ്പ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിയെത്തിയ  കേരളീയരുടെ പിന്മുറക്കാർ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, ബ്രിട്ടൻ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും ഇപ്പോൾ തൊഴിലന്വേഷകരായി പോകുന്നു. വിദേശനാണ്യം നേടിത്തരുന്ന മറ്റൊരു മേഖലയായി വിനോദ സഞ്ചാര രംഗവും മാറിയിരിക്കുന്നു. 
2000 ത്തിൽ പുതിയ നൂറ്റാണ്ട് പിറന്നപ്പോൾ ജിദ്ദ, റിയാദ് നഗരങ്ങളിലെ പ്രവാസികൾക്ക് കാലിക്കറ്റിൽ നേരിട്ട് വന്നിറങ്ങാൻ പറ്റിയിരുന്നില്ല. എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിന്റെയും എയർബസ് വിമാനങ്ങൾ ഹബ് ആന്റ് സ്‌പോക്ക് സമ്പ്രദായത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പറന്നിരുന്നത്. അർധരാത്രി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തുന്ന സൗദിയിൽനിന്നുള്ള  യാത്രക്കാരെ നേരം വെളുക്കുമ്പോൾ എയർ ഇന്ത്യ കോഴിക്കോട്ടേക്ക് മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും. ജിദ്ദ/റിയാദ് വിമാനത്താവളങ്ങളിൽനിന്ന് ബോഡിംഗ് പാസെടുത്ത യാത്രക്കാരൻ കസ്റ്റംസ്, എമിഗ്രേഷൻ നടപടിക്രമങ്ങൾ ഫൈനൽ ഡെസ്റ്റിനേഷനായ കോഴിക്കോട്ട് പൂർത്തിയാക്കിയാൽ മതിയായിരുന്നു. നാലോ, അഞ്ചോ മണിക്കൂർ മുംബൈയിലിരുന്നാൽ മതി. അതിന് ശേഷമാണ് എയർ ഇന്ത്യ കാലിക്കറ്റ്-ജിദ്ദ റൂട്ടിൽ നോൺ സ്റ്റോപ്പ് വിമാനങ്ങൾ തുടങ്ങിയത്. ക്രമേണ സൗദി അറേബ്യൻ എയർലൈൻസുമെത്തി. 
നാലു ദശകങ്ങളിലെ കാത്തിരിപ്പിനു ശേഷം കോഴിക്കോട് വിമാനത്താവളം 1988 ഏപ്രിൽ പതിമൂന്നിനാണ് ഉദ്ഘാടനം ചെയ്തത്. 92 ൽ ആദ്യ അന്താരാഷ്ട്ര സർവീസും തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിന് പറഞ്ഞിരുന്ന തടസ്സം റൺവേയുടെ ദൈർഘ്യക്കുറവായിരുന്നു. ആറായിരം അടി ദൈർഘ്യമുള്ള റൺവേയിൽനിന്ന് ചെറിയ വിമാനങ്ങൾക്കേ സർവീസ് നടത്താൻ സാധിച്ചിരുന്നുള്ളൂ. അന്നത്തെ കലക്ടർ അമിതാഭ് കാന്തും കെ. മുരളീധരൻ എം.പിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്നിട്ടിറങ്ങി അതിന് പരിഹാരമുണ്ടാക്കി. 
2015 ഏപ്രിൽ 30 നാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ്  നിർത്തിയത്. 2850 മീറ്ററുള്ള റൺവേ ദൈർഘ്യമുള്ള എയർപോർട്ട് കോഡ്-ഡി വിമാനങ്ങളുടെ പ്രവർത്തനത്തിനായി രൂപകൽപന ചെയ്തതാണെന്നും രണ്ടറ്റത്തും മതിയായ റിസയില്ലെന്നും ഡി.ജി.സി.എ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് റിസ നീളം കൂട്ടാൻ അഥോറിറ്റി പദ്ധതി തയാറാക്കി സമർപ്പിച്ചത്. റൺവേയുടെ അറ്റം കാണുന്നതിന് സ്ഥാപിച്ച ലൈറ്റിംഗ് സംവിധാനം മുന്നിലേക്ക് സ്ഥാപിച്ച് 90 മീറ്ററിലുളള റിസ റൺവേ ഉൾപ്പെടുത്തി 240 ആക്കുകയാണ് ചെയ്തത്. ഏതാനും വർഷം മുമ്പ്  കരിപ്പൂരിൽ ഉദ്ഘാടനം ചെയ്ത പുതിയ ടെർമിനൽ 120 കോടി മുടക്കിയാണ് കേന്ദ്ര സർക്കാർ പണിതത്.  എയർപോർട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച് തയാറാക്കിയ എഴുപത് പേജുള്ള പഠന റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്നാണ് തടസ്സങ്ങൾ നീങ്ങിയത്. മുന്നൂറ് മുതൽ നാന്നൂറ് വരെ യാത്രക്കാർക്ക് കയറാവുന്ന ബോയിംഗ് 777, ഡ്രീംലൈനർ തുടങ്ങിയ വിമാനങ്ങൾക്ക് അനുമതി നൽകാനാണ് അതോറിറ്റിയോട് ശുപാർശ ചെയ്തിരുന്നത്. തുടർന്ന് ചെയർമാന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് കാലിക്കറ്റ് എയർപോർട്ടിന് വീണ്ടും പ്രതീക്ഷയുണർന്നത്.
2020 ഓഗസ്റ്റ് ഏഴിന് രാത്രിയാണ് കരിപ്പൂരിൽ ഐഎക്‌സ് 1344 എന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപെട്ടത്. വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി 35 മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരായിരുന്നു മരിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 168 പേരോളം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നു. അപകടത്തിന് പിന്നാലെയാണ് ഡി.ജി.സി.എ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. 
2002 മുതൽ 2015 വരെ ജംബോ വിമാനങ്ങളിറങ്ങിയ വിമാനത്താവളമാണ് കാലിക്കറ്റിലേത്. 2002 ൽ 430 പേർക്കിരിക്കാവുന്ന വലിയ വിമാനം ജംബോ ആദ്യമായി ഹജ് സർവീസിനാണ് ഇവിടെനിന്ന് പറന്നുയർന്നത്. പിന്നീട് 500 പേർക്ക് കയറാവുന്ന  ബോയിംഗ് 737 വിമാനങ്ങൾ സൗദി അറേബ്യയും ഖത്തറും ഇവിടേക്ക് പറത്തി. അതു കഴിഞ്ഞ് മംഗലാപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് വന്നത്. രണ്ടിടത്തും ടേബിൾ ടോപ് റൺവേ ആണെന്നതാണ് ഇതിന് കാരണമായി പറഞ്ഞത്. പിന്നീട് 300 പേർക്കിരിക്കാവുന്ന കോഡ് ഇ വിമാനങ്ങൾക്ക് അനുമതി ലഭിച്ചുവെങ്കിലും ഇപ്പോഴത് കൊച്ചു വിമാനങ്ങൾ മാത്രമായി. വലിയ വിമാനങ്ങളില്ലെന്ന കാരണം പറഞ്ഞ് ഹജ് എംബാർക്കേഷൻ പോയന്റ് കരിപ്പൂരിൽനിന്ന് മാറ്റുകയും ചെയ്തു. കോടികൾ മുടക്കി സർക്കാർ പണിത ഹജ് ഹൗസ് നോക്കുകുത്തിയായി. ഹജ് വിമാനങ്ങൾ ഇനി എന്നെങ്കിലും തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ല. അല്ലെങ്കിലും നമ്മുടെ എം.പിമാരുടെ മിടുക്ക് കാണാൻ ഷൊർണൂരിൽ ചെന്നാൽ മതി. കാലാകാലങ്ങളായി എറണാകുളം/ ആലപ്പുഴ -കണ്ണൂർ റൂട്ടിലോടിയിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കുറച്ചു കാലമായി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുന്നു. എല്ലാ ബഹളവും കെട്ടടങ്ങിയാൽ രാത്രി അസമയത്ത് യാത്രക്കാരെ കയറ്റാതെ ഇതേ ട്രെയിൻ കണ്ണൂരിലെത്തിച്ച് അടുത്ത പ്രഭാതത്തിൽ കണ്ണൂരിൽ നിന്ന് യാത്ര തുടരുകയും ചെയ്യുന്നു. റെയിൽ അറ്റകുറ്റപ്പണിക്കാണ് ഈ ട്രെയിനിനെ മാത്രം ഇങ്ങനെ ചെയ്യുന്നതെന്നതായിരുന്നു ആദ്യമൊക്കെ കേട്ടത്. ഇതൊക്കെ ഏതെങ്കിലും ഡിവിഷണൽ ഓഫീസിൽ എം.പിയുടെ ഫോൺ കോൾ കൊണ്ട് തീർക്കാവുന്ന പ്രശ്‌നമേയുള്ളൂ. അതിനൊക്കെ ആർക്കുണ്ട് നേരം? 

Latest News