Sorry, you need to enable JavaScript to visit this website.

ഫാറൂഖ് കോളേജിനെതിരായ പ്രചാരണം അത്ര നിഷ്‌കളങ്കമല്ല-പി.കെ ഫിറോസ്

കോഴിക്കോട്- ഫാറൂഖ് കോളെജിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ അത്ര നിഷ്‌കളങ്കമല്ലെന്നും ഫാറൂഖ് കോളെജിനെതിരായ നീക്കത്തിൽ സംശയുമുണ്ടെന്നും മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഒരധ്യാപകന്റെ തെറ്റിന്റെ പേരിൽ മഹത്തായ സ്ഥാപനത്തെ ഇകഴ്ത്തുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഫിറോസ് പറഞ്ഞു. ഫാറൂഖ് കോളെജിൽ മാത്രമായി സദാചാരവാദമുണ്ടെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്

ഫാറൂഖ് ട്രെയ്‌നിംഗ് കോളേജിലെ ഒരധ്യാപകൻ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. ഒരധ്യാപകന്റെ തെറ്റിന്റെ പേരിൽ മഹത്തായ ഒരു സ്ഥാപനത്തെ കരിവാരിത്തേക്കുകയും ഇകഴ്ത്തുകയും ചെയ്യാനുള്ള ശ്രമങ്ങൾ അത്ര നിഷ്‌കളങ്കമാണെന്ന് കരുതാൻ വയ്യ. കേരളത്തിലെ മറ്റു കോളേജുകളിൽനിന്ന് വ്യത്യസ്തമായി ഫാറൂഖ് കോളേജിൽ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. സി.സി.ടി.വിയുടെ വിലങ്ങുവെച്ച് വിദ്യാർഥികൾക്ക് മിണ്ടാനും കാണാനും കഴിയാത്ത തരത്തിൽ സദാചാര അധ്യാപക പോലീസ് ഉണ്ടെങ്കിൽ വിമർശന വിധേയമാക്കുക തന്നെ വേണം. വിദ്യാർത്ഥികൾ രാഷ്ട്രീയവും സാമൂഹികവുമായ പ്രബുദ്ധത നേടിയാൽ മാത്രമേ ഇത്തരം മനുഷ്യത്വവിരുദ്ധമായ കടന്നുകയറ്റങ്ങളെ അതിജീവിക്കാൻ കഴിയൂ. കേരളത്തിലെ മുഴുവൻ കാമ്പസുകളിലേക്കും വ്യാപിപ്പിക്കേണ്ട ഒരു ചർച്ചയാണിത്.

വിമർശകർ ഫാറൂഖിനെ മാത്രം ലക്ഷ്യമിടുന്നതിൽ അജണ്ടകളുണ്ട്. താലിബാൻ, മദ്രസ തുടങ്ങിയ പ്രയോഗങ്ങൾ വാരിവിതറുന്നതിൽനിന്നു തന്നെ ഇവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ആക്ഷേപിക്കുന്നവർ അറിയേണ്ട ഒരു ഫാറൂഖ് കോളേജുണ്ട്. ഒരു കൂട്ടം നല്ല അധ്യാപകരുള്ള, ബി.സോണിലും ഇന്റർസോണിലും മറ്റു കലാലയങ്ങളെ പിന്തള്ളി ചാമ്പ്യൻ പട്ടം കരസ്ഥമാക്കുന്ന, അക്കാദമിക, അക്കാദമികേതര രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച/ കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാറൂഖ് കോളേജ്. പുറം തിരിഞ്ഞ് നിന്ന ഒരു സമൂഹത്തെ വിദ്യാഭ്യാസത്തോട് ചേർത്ത് നിർത്തിയ ഫാറൂഖ് കോളേജ്. വിദ്യാർത്ഥി സംഘർഷങ്ങൾക്ക് പേര് കേട്ട കലാലയങ്ങൾക്കിടയിൽ സൗഹൃദവും സമാധാനവും ഉയർത്തിപ്പിടിച്ച ഫാറൂഖ് കോളേജ്. തങ്ങളുടെ കോളേജിനെ ഇക്കോലത്തിൽ അവമതിപ്പുണ്ടാക്കുന്നതിൽ മനസ്സ് വിഷമിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുള്ള ഫാറൂഖ് കോളേജ്.

ഫാറൂഖ് കോളേജിൽ പഠിക്കാനാവാത്തത് വലിയ നഷ്ടമായിക്കാണുന്ന വിദ്യാർത്ഥികൾ ഇപ്പോഴും നമുക്കിടയിലുണ്ട്. ഫാറൂഖ് കോളേജിനെ മാത്രം കോർണർ ചെയ്ത്, അപമാനിക്കാൻ ശ്രമിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രതികരണ തൊഴിലാളികൾ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ തൊട്ടടുത്തുള്ളതോ മുമ്പ് പഠിച്ചതോ ആയ ഒരു കാമ്പസ് സന്ദർശിക്കുക എന്നതാണ്. അവിടെനിന്നു കിട്ടും മാറിയ കാലത്തെ വിശേഷങ്ങൾ. അപ്പോൾ നിങ്ങൾ ഫാറൂഖ് കോളജിന് സല്യൂട്ടടിക്കും.
 

Latest News