Sorry, you need to enable JavaScript to visit this website.

യാചകരെ അറസ്റ്റ് ചെയ്ത് നാടുകടത്തും, നടപടി കര്‍ശനമാക്കി സൗദി

റിയാദ് - സൗദിയില്‍ യാചകവൃത്തിയിലേര്‍പ്പെടുന്നവരെ പൊതുസുരക്ഷാ വകുപ്പിനു കീഴിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി തുടങ്ങി. ഇതുവരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഭിക്ഷാടന വിരുദ്ധ ഓഫീസുകള്‍ക്കായിരുന്നു യാചകരെ പിടികൂടുന്ന ചുമതല.സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചാണ് ഭിക്ഷാടന വിരുദ്ധ ഓഫീസുകള്‍ യാചകരെ പിടികൂടിയിരുന്നത്. പുതിയ ഭിക്ഷാടന വിരുദ്ധ നിയമം അനുസരിച്ച് ഭിക്ഷക്കാരെ പിടികൂടുന്ന ചുമതല സുരക്ഷാ വകുപ്പുകള്‍ക്കാണ്.
സുരക്ഷാ വകുപ്പുകള്‍ പിടികൂടുന്ന യാചകരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുക. സൗദിയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കും യാചകവൃത്തി നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവര്‍ക്കും ഇതിന് സഹായിക്കുന്നവര്‍ക്കും യാചകവൃത്തി മാനേജ് ചെയ്യുന്നവര്‍ക്കും ഭിക്ഷാടനത്തിന് പരസ്പര ധാരണയുണ്ടാക്കുന്നവര്‍ക്കും ഭിക്ഷാടന വിരുദ്ധ നിയമം അനുസരിച്ച് ഒരു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ സാമി അല്‍ശുവൈരിഖ് പറഞ്ഞു. ഭിക്ഷാടനത്തിലേര്‍പ്പെട്ട് പിടിയിലാകുന്ന വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുകയും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
ആവശ്യക്കാരില്‍ എത്തുന്നത് ഉറപ്പാക്കുന്ന നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശികളും വിദേശികളും ധാനധര്‍മങ്ങള്‍ നല്‍കണം. യാചകവൃത്തി ആരും പ്രോത്സാഹിപ്പിക്കരുത്. ഭിക്ഷാടനത്തിലേര്‍പ്പെടുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടും എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുസുരക്ഷാ വകുപ്പ് വക്താവ് ആവശ്യപ്പെട്ടു.

 

Latest News