Sorry, you need to enable JavaScript to visit this website.

ദിലീപിനെയും ബാലചന്ദ്രകുമാറിനെയും ചോദ്യം ചെയ്തു; അന്വേഷണം മാഡത്തിലേക്ക്

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് വഴി തുറന്ന നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും എട്ടാം പ്രതിയായ നടന്‍ ദിലീപിനെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. നാല് മണിക്കൂറോളം ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ആലുവ പോലീസ് ക്ലബില്‍ അടുത്തടുത്ത മുറികളിലിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കാവ്യാ മാധവന്‍, അനൂപ്, സൂരജ്, ശരത് എന്നിവരെ ബാലചന്ദ്രകുമാറിനൊപ്പമിരുത്തി അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

്‌വ്യക്തമായ ചില തെളിവുകള്‍ നിരത്തിയാണ്  ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഇതുവരെ പുറത്തുവരാത്ത ചില ഓഡിയോ ക്ലിപ്പുകള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. ദിലീപിന്റെ സഹോദരന്‍ അനുപും സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ സ്ത്രീകള്‍ തമ്മിലുള്ള വഴക്ക് ഇങ്ങനെയൊക്കെയായി പരിണമിക്കുമെന്ന് കരുതിയോ എന്ന് ഇവര്‍ പറയുന്നത് കേസിലെ സുപ്രധാന കണ്ണിയായി മാറുമെന്ന് കരുതുന്ന മാഡത്തെക്കുറിച്ചാണെന്ന് അന്വേഷണ സംഘം കരുതുന്നു. ദിലീപുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ടെന്നതിന്് തെളിവായി ഗ്രാന്റ് പ്രൊഡക്ഷന്‍സില്‍ നിന്ന് ഇയാള്‍ കൈപ്പറ്റിയ വൗച്ചറും തെളിവായി ക്രൈംബ്രാഞ്ച് ഹാജരാക്കി. ഇതിനെല്ലാം ദിലീപ് നല്‍കിയ മറുപടികള്‍ വേണ്ടത്ര തൃപ്തികരമായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.

 ചോദ്യം ചെയ്യല്‍ അടുത്തടുത്ത മുറികളിലായിരുന്നുവെങ്കിലും ദിലീപും താനും പരസ്പരം കണ്ടെന്നും പുച്ഛവും കളളിയാക്കലുമായിരുന്നു ദിലീപിന്റെ പ്രതികരണമെന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന ബാലചന്ദ്രകുമാര്‍ പറയുന്നു.

പലകാര്യങ്ങളിലും ഓര്‍മയില്ല എന്ന മറുപടിയാണ് നല്‍കിയത്. കൊല്ലം തുളസി ജെയിലില്‍ വന്നു കണ്ടകാര്യം ഓര്‍മയില്ലെന്നാണ് ദിലീപ് പറഞ്ഞത്. പല ചോദ്യങ്ങള്‍ക്കും പറഞ്ഞു പഠിച്ചതു പോലെയായിരുന്നു ദിലീപിന്റെ മറുപടി. ചില സ്ഥലങ്ങളില്‍ മറുപടിയില്ലാതെ പോയി. മാഡത്തിലേക്ക് അന്വേഷണം എത്തിയെന്നും മാഡം പ്രതിയായാലും ഇല്ലെങ്കിലും അവരുടെ പങ്ക് ഉടന്‍ പുറത്തുവരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കൂടുതല്‍ പേരുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ എറണാകുളം വിട്ടുപോകരുതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് അറിയിക്കാമെന്നാണ് പോലീസ് പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

 

 

Latest News