മക്ക - പുണ്യറമദാനില്‍ റൊട്ടിയും ചീസും പോലെയുള്ള ഉണക്ക ഭക്ഷണങ്ങള്‍ വിശുദ്ധ ഹറമില്‍ പ്രവേശിപ്പിക്കുന്നതിന് അനുവദിക്കാന്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നിര്‍ദേശം നല്‍കി.
റമദാനില്‍ വിശുദ്ധ ഹറമില്‍ ഇഫ്താര്‍ സുപ്ര ഒരുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഹറംകാര്യ വകുപ്പ് പ്രഖ്യാപിച്ചു. ഇഫ്താര്‍ സുപ്രയില്‍ ഈത്തപ്പഴ വിതരണത്തിന് അനുയോജ്യമായ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് പ്ലെയ്റ്റുകള്‍ ഉപയോഗിക്കണം. ഇഫ്താര്‍ തയാറാക്കുമ്പോള്‍ പ്ലാസ്റ്റിക് കൈയുറകള്‍ ഉപയോഗിക്കണം. ചൂടുള്ള പാനീയങ്ങളുടെ വിതരണത്തിന് പ്ലാസ്റ്റിക് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഹറമിന്റെ നടവഴികളിലും ഗെയ്റ്റുകളുടെ പ്രവേശന കവാടങ്ങളിലും ഇഫ്താര്‍ വിതരണത്തിന് വിലക്കുണ്ട്.
ഇഫ്താര്‍ വിതരണത്തിന് മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഹറമില്‍ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. ഇഫ്താര്‍ സ്ഥലം ബുക്ക് ചെയ്യാന്‍ തറയിലെ മാര്‍ബിളില്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനും മുസ്ഹഫ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വിലക്കുണ്ട്. ഇഫ്താര്‍ സുപ്ര വസ്തുക്കള്‍ തൂണുകളുടെ അടിഭാഗത്തും എയര്‍ കണ്ടീഷനറുകളുടെ വിടവുകളിലും പാദരക്ഷകള്‍ സൂക്ഷിക്കുന്നതിനുള്ള സ്റ്റാന്‍ഡുകളിലും വെക്കുന്നതും വിലക്കിയിട്ടുണ്ട്. ഇഫ്താര്‍ സേവന ദാതാക്കള്‍ സംസം ജാറുകള്‍ തല്‍സ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
ഇഫ്താര്‍ ഭക്ഷണം ഏറെ നേരത്തെ ഹറമില്‍ എത്തിച്ച് മുറ്റങ്ങളില്‍ സൂക്ഷിക്കരുതെന്നും ഹറംകാര്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തവണ വിശുദ്ധ ഹറമില്‍ ഇഫ്താര്‍ വിതരണത്തിന് ഹറംകാര്യ വകുപ്പ് 2,000 ലേറെ പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഹറമില്‍ ഇത്തവണ വിശുദ്ധ റമദാനില്‍ ഇഫ്താര്‍ വിതരണം പുനരാരംഭിക്കുന്നത്.