തിരുവനന്തപുരം- വര്‍ക്കല ചെറുന്നിയൂര്‍ ദളവാപുരത്ത് വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ ഫയര്‍ ഫോഴ്‌സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീടിന്റെ കാര്‍പോര്‍ച്ചില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് അഗ്‌നിശമന സേനയുടെ കണ്ടെത്തല്‍. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് മൂലം ഉണ്ടായ തീപ്പൊരി കേബിളിലൂടെ കത്തിപ്പടര്‍ന്നതാകമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം എട്ടിനാണ് അഞ്ച് പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തമുണ്ടായത്.
അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ആര്‍. പ്രതാപന്‍(ബേബി-62), ഭാര്യ ഷേര്‍ളി(53), ഇളയ മകന്‍ അഹില്‍(29), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. തീപ്പിടിത്തത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി നിഹുലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തീപിടിത്തമുണ്ടായ വിവരം ഏറെ വൈകിയാണ് അറിഞ്ഞതെന്ന് നിഹുല്‍ വ്യക്തമാക്കി. അയല്‍ വീട്ടില്‍നിന്ന് ഫോണ്‍ വിളിച്ച് അറിയിക്കുമ്പോള്‍ ആണ് വീട്ടില്‍ തീപടര്‍ന്ന കാര്യം അറിയുന്നത്. ഒന്നും കാണാന്‍ പറ്റാത്ത വിധം പുക നിറഞ്ഞിരുന്നു. അപകടനില തരണം ചെയ്ത നിഹുല്‍ ഇപ്പോഴും ചികിത്സയിലാണ്.
താഴത്തെ നിലയില്‍ കത്തുന്ന വസ്തുക്കളുണ്ടായിരുന്നതിനാല്‍ തീ പടര്‍ന്നു പിടിച്ച്, പുക നിറഞ്ഞ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. വീട്ടിലെ സിസിടിവി ക്യാമറ പോലീസ് ഫൊറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും ദൃശ്യങ്ങള്‍ കിട്ടിയാല്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമാകൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.