കൊളംബൊ - ദിനേശ് കാർത്തികിന്റെ അവിസ്മരണീയ ഇന്നിംഗ്‌സിലൂടെ അവസാന പന്തിൽ വിജയം പിടിച്ച ഇന്ത്യയുടെ യുവനിര ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയം കൊയ്തു. ബംഗ്ലാദേശിന്റെ എട്ടിന് 166 മറികടക്കാൻ അവസാന രണ്ടോവറിൽ 34 റൺസ് വേണ്ട ഘട്ടത്തിൽ ക്രീസിലെത്തിയ ദിനേശ് മൂന്നു സിക്‌സറും രണ്ട് ബൗണ്ടറിയുമായി എട്ട് പന്തിൽ 29 റൺസ് പറത്തി. അവസാന പന്തിൽ സിക്‌സർ വേണമെന്നിരിക്കെ സൗമ്യ സർക്കാരിനെ കവറിലൂടെ ഗാലറിയിലേക്ക് പറത്തിയ ദിനേശിനു മുകളിൽ ഓടിയെത്തിയ ഇന്ത്യൻ കളിക്കാർ ഒന്നൊന്നായി ചാടിവീണു. അവസാന അഞ്ചോവറിൽ ആവേശം അലയടിച്ച കളിയിൽ നാലു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. കഴിഞ്ഞ ദിവസം സിക്‌സറിലൂടെ ശ്രീലങ്കയെ മറികടന്ന് ഫൈനലിലെത്തിയ ബംഗ്ലാദേശിന് തുല്യനാണയത്തിൽ കിട്ടിയ തിരിച്ചടിയായി ഇത്. സ്‌കോർ: ബംഗ്ലാദേശ് എട്ടിന് 166, ഇന്ത്യ ആറിന് 168.
അവസാന മൂന്നോവറിൽ 35 റൺസ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. എന്നാൽ പതിനെട്ടാം ഓവറിൽ ഒരു റൺ മാത്രം വഴങ്ങി മനീഷിനെ മുസ്തഫിസുറഹ്മാൻ പുറത്താക്കി. പകരമെത്തിയ ദിനേശ് പത്തൊമ്പതാം ഓവറിൽ സംഹാരതാണ്ഡവമാടി. റൂബുൽ ഹുസൈനെ രണ്ട് വീതം സിക്‌സറിനും ബൗണ്ടറിക്കും പായിച്ച് 22 റൺസ് വാരി. ആദ്യ മൂന്നോവറിൽ 13 റൺസ് മാത്രമായിരുന്നു റൂബുൽ വഴങ്ങിയത്. അതോടെ അവസാന ഓവറിൽ ഇന്ത്യക്ക് 12 റൺസ് വേണമായിരുന്നു ജയിക്കാൻ. എന്നാ ൽ പുതുമുഖം വിജയ്ശങ്കറായിരുന്നു (19 പന്തിൽ 17) സ്‌ട്രൈക്ക്. ഒരു ബൗണ്ടറിയടിച്ചെങ്കിലും അഞ്ചാമത്തെ പന്തിൽ വിജയ് ഔട്ടായി. അതോടെ അഞ്ച് റൺസ് വേണമായിരുന്നു അവസാന പന്തിൽ ഇന്ത്യക്ക് ജയിക്കാൻ.
ബംഗ്ലാദേശിനെ ചെറിയ സ്‌കോറിലൊതുക്കിയ ഇന്ത്യ തുടക്കത്തിൽ തന്നെ ആഞ്ഞടിച്ചതായിരുന്നു. സ്പിന്നർ മെഹ്ദി ഹസൻ മിറാസിന്റെ രണ്ടാം ഓവറിൽ 17 റൺസൊഴുകി. എന്നാൽ സ്‌കോർ മൂന്നോവറിൽ 32 ലെത്തി നിൽക്കെ ശിഖർ ധവാനെയും (7 പന്തിൽ 10) സുരേഷ് റയ്‌നയെയും (0) നഷ്ടപ്പെട്ടതോടെ കുതിപ്പ് നിലച്ചു. വൈഡായി അമ്പയർ വിളിച്ച പന്തിലാണ് റയ്‌ന ഔട്ടായതായി ഡി.ആർ.എസ് വിധി ബംഗ്ലാദേശ് സമ്പാദിച്ചത്. കെ.എൽ രാഹുൽ (14 പന്തിൽ 24) മൂന്നാം വിക്കറ്റിൽ 50 റൺസ് ചേർക്കാൻ രോഹിത് ശർമയെ (42 പന്തിൽ 56) സഹായിച്ചു. 35 പന്തിൽ രോഹിത് അർധ ശതകം പിന്നിട്ടു. എന്നാൽ രോഹിതിനെയും മനീഷ് പാണ്ഡെയെയും (27 പന്തിൽ 28) ബംഗ്ലാദേശ് ബൗളർമാർ വരിഞ്ഞുകെട്ടി. 9-13 ഓവറുകൾക്കിടയിൽ ഇന്ത്യക്ക് നേടാനായത് 16 റൺസ് മാത്രം. അതിന്റെ സമ്മർദ്ദത്തിൽ രോഹിത് വിക്കറ്റ് തുലച്ചു. മനീഷിന് തുണയായി വിജയ്ശങ്കർ വന്നെങ്കിലും റൺനിരക്ക് വർധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് സാവധാനം തുടങ്ങിയ ബംഗ്ലാദേശിന് സാബിർ റഹ്മാനും (50 പന്തിൽ 77) അവസാന ഓവറിൽ ആഞ്ഞടിച്ച മിറാസുമാണ് (7 പന്തിൽ 19 നോട്ടൗട്ട്) പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്. 100 പിന്നിടാൻ പത്തോവർ വേണ്ടി വന്ന അവർ അവസാന ആറോവറിൽ 66 റൺസടിച്ചു. അതിൽ പതിനെട്ടും ശാർദുൽ താക്കൂർ എറിഞ്ഞ അവസാന ഓവറിലായിരുന്നു.
സ്പിന്നർമാരായ വാഷിംഗ്ടൺ സുന്ദറും (4-0-20-1) യുസ്‌വേന്ദ്ര ചഹലുമാണ് (4-0-18-3) തുടക്കത്തിൽ ബംഗ്ലാദേശിനെ കുരുക്കിട്ടു നിർത്തിയത്. അപകടകാരിയായ മഹ്മൂദുല്ല (16 പന്തിൽ 21) ഇല്ലാത്ത റണ്ണിനോടി പുറത്തായപ്പോൾ ഫോമിലുള്ള മുശ്ഫിഖുറഹീമിനെ (9) ചഹൽ എളുപ്പം മടക്കി. പക്ഷെ പെയ്‌സർമാർക്ക് നിയന്ത്രണം പാലിക്കാനായില്ല. വിജയ്ശങ്കറിനെയും ശാർദുൽ താക്കൂറിനെയും സാബിർ കടന്നാക്രമിച്ചു. സ്പിന്നർമാർ എട്ടോവറിൽ 38 റൺസ് വിട്ടുകൊടുത്തപ്പോൾ വിജയ്ശങ്കറും ശാർദുലും വഴങ്ങിയത് എട്ടോവറിൽ 93 റൺസായിരുന്നു. ജയ്‌ദേവ് ഉനാദ്കാതാണ് സാബിറിനെ പുറത്താക്കിയത്.
ബംഗ്ലാദേശ്
തമീം സി ശാർദുൽ ബി ചഹൽ 15 (13, 4-1), ലിറ്റൺ സി റയ്‌ന ബി വാഷിംഗ്ടൺ 11 (9, 6-1), സാബിർ ബി ഉനാദ്കാത് 77 (50, 6-4, 4-7), സൗമ്യ സി ശിഖർ ബി ചഹൽ 1 (2), മുശ്ഫിഖ് സി വിജയ്ശങ്കർ ബി ചഹൽ 9 (12), മഹ്മൂദുല്ല റണ്ണൗട്ട് (ദിനേശ്/ശങ്കർ) 21 (16, 4-2), ശാഖിബ് റണ്ണൗട്ട് (രോഹിത്/രാഹുൽ/ശങ്കർ) 7 (7, 4-1), മിറാസ് നോട്ടൗട്ട് 19 (7, 6-1, 4-2), റൂബുൽ ബി ഉനാദ്കാത് 0 (1), മുസ്തഫിസ് നോട്ടൗട്ട് 0 (3)
എക്‌സ്ട്രാസ് - 6
ആകെ - എട്ടിന് 166
വിക്കറ്റ് വീഴ്ച: 1-27, 2-27, 3-33, 4-68, 5-104, 6-133, 7-147, 8-148
ബൗളിംഗ്: ഉനാദ്കാത് 4-0-33-2, വാഷിംഗ്ടൺ 4-0-20-1, ചഹൽ 4-0-18-3, ശാർദുൽ 4-0-45-0, വിജയ്ശങ്കർ 4-0-48-0
ഇന്ത്യ
രോഹിത് സി മഹ്മൂദുല്ല ബി നസ്മുൽ 56 (42, 6-3, 4-4), ശിഖർ സി സബ് (ആരിഫുൽ ഹഖ്) ബി ശാഖിബ് 10 (7, 6-1), റയ്‌ന സി മുശ്ഫിഖ് ബി റൂബുൽ 0 (3), രാഹുൽ സി സാബിർ ബി റൂബുൽ 24 (14, 6-1, 4-2), മനീഷ് സി സാബിർ ബി മുസ്തഫിസ് 28 (27, 4-3), വിജയ്ശങ്കർ സി മിറാസ് ബി സൗമ്യ 17 (19, 4-3), ദിനേശ് നോട്ടൗട്ട് 29 (8, 6-3, 4-2), വാഷിംഗ്ടൺ നോട്ടൗട്ട് 0 (0)
എക്‌സ്ട്രാസ് - 4
ആകെ (20 ഓവറിൽ) - ആറിന് 168
വിക്കറ്റ് വീഴ്ച: 1-32, 2-32, 3-82, 4-98, 5-133, 6-162
ബൗളിംഗ്: ശാഖിബ് 4-0-28-1, മിറാസ് 1-0-17-0, റൂബുൽ 4-0-35-2, നസ്മുൽ 4-0-32-1, മുസ്തഫിസ് 4-1-21-1, സൗമ്യ 3-0-33-1