കൊണ്ടോട്ടി- കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച സ്വര്‍ണവുമായി യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയയാളും കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ പോലിസ് പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശി ഇസ്മായില്‍(41),സഹായി കോഴിക്കോട് നന്മണ്ട സ്വദേശി ഇഖ്ബാല്‍(45) എന്നിവരെയാണ് കരിപ്പൂര്‍ പോലിസ് പിടികൂടിയത്. ഒരു കിലോ സ്വര്‍ണ മിശ്രിതവും സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഖത്തറില്‍ നിന്നാണ് ഇസ്മായില്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സ്വീകരിക്കാനാണ് ഇഖ്ബാല്‍ കാറുമായി എത്തിയിരുന്നത്. ഇസ്മായില്‍ സ്വര്‍ണം കൊണ്ടുവരുന്നുണ്ടെന്ന്് പോലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇരുവരേയും കരിപ്പൂര്‍ വിമാനത്താവള പോലിസ് എയ്ഡ് പോസ്റ്റിന് സമീപത്ത് വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
ഇസ്മായിലിനെ പോലിസ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ ശരീരത്തിനുള്ളില്‍ നാല് ഗുളിക രൂപത്തില്‍ സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. ഒരു കിലോ സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്ത്. തുടര്‍ നടപടികള്‍ക്കായി പ്രതികളേയും സ്വര്‍ണവും കരിപ്പൂര്‍ കസ്റ്റംസിന് കൈമാറുമെന്ന് കരിപ്പൂര്‍ എസ്.ഐ അബ്ദുനാസര്‍ പാറക്കാടവന്‍ പറഞ്ഞു.