കൊച്ചി-ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ഥി അശ്വിന്‍ വിജയ് സ്വന്തം കഥ പറഞ്ഞപ്പോള്‍ വേദി വികാരനിര്‍ഭരമായി. ചെറുപ്രായത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടത് മുതല്‍ റെയില്‍വേ സ്‌റ്റേഷനില്‍ അന്തിയുറങ്ങിയതുവരെ വലിയൊരു ജീവിത പോരാട്ടത്തിന്റെ കഥയാണ് എല്ലാവരേയും കണ്ണീരിലാഴ്ത്തിയത്.
ബിഗ് ബോസ് വീടിനുള്ളിലെ ആദ്യ വികാരനിര്‍ഭരമായ നിമിഷമായിരുന്നു ഇത്. മത്സരാര്‍ത്ഥി ലക്ഷ്മി പ്രിയയാണ് ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചത്. എല്ലാ മത്സരാര്‍ത്ഥികളോടും അവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാന്ത്രികനായ അശ്വിന്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് സംസാരിച്ചത്.
അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന കാര്യം അറിയാതെയാണ് അച്ഛന്‍ അവരെ വിവാഹം കഴിച്ചത്. എനിക്ക് ഏകദേശം രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ അപ്രത്യക്ഷയായി. അമ്മയെ കാണാതായതിനു പിന്നാലെ അച്ഛന്‍ ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മുത്തശ്ശിയാണ് സംരക്ഷിച്ചത്. പക്ഷേ എനിക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ പാടുപെട്ടു, സ്‌കൂള്‍ ഫീസടയ്ക്കാന്‍ 2000 രൂപ ഇല്ലാത്തതിനാല്‍ ക്ലാസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്റെ 12ാം ക്ലാസ് പരീക്ഷ ദിവസം മുത്തശ്ശി മരിച്ചു. ഒടുവില്‍ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കി, ദിവസങ്ങളോളം ഞാന്‍ ഭക്ഷണമില്ലാതെ റെയില്‍വേ സ്‌റ്റേഷനില്‍ താമസിച്ചു. മുത്തശ്ശിയുടെ മോതിരം വിറ്റ് ഹോസ്റ്റലിലേക്ക് മാറിയതിനുശേഷം ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. ഹോസ്റ്റലില്‍ എനിക്ക് മയക്കുമരുന്ന് കുത്തിവെച്ച ശേഷം അന്തേവാസികള്‍ ലൈംഗികമായി ഉപയോഗിച്ചു. 22 വര്‍ഷത്തിന് ശേഷം അമ്മയെ കണ്ടെത്തിയെങ്കിലും അവര്‍ക്ക് എന്നെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. ഞാന്‍ പൂര്‍ണമായും തകര്‍ന്നുപോയി- അശ്വിന്‍ സ്വന്തം കഥ
ഷോയില്‍ നിന്നുള്ള വരുമാനം കൊണ്ട് അമ്മയ്ക്ക് ഒരു വീട് പണിയണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ സങ്കടത്തിലായ മത്സരാര്‍ഥികളെല്ലാം അശ്വിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
ജനപ്രിയ മാന്ത്രികനാണ് അശ്വിന്‍ വിജയ്. ഒരു മിനിറ്റില്‍ പരമാവധി മാജിക് ട്രിക്ക് കളിച്ചതിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ട്.