കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിച്ചെന്നും നിഷേധാത്മക നിലപാട് ഉണ്ടായില്ലെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദിലീപിനോട് നാളേയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തികച്ചും വൈകാരികമായാണ് ദിലീപ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ ഒരു ഘട്ടത്തിലും അദ്ദേഹം കരഞ്ഞില്ലെന്നും അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും ഇത് കെട്ടിച്ചമച്ച കഥയാണെന്നുമുള്ള നിലപാടില്‍ ഉറച്ചു നിന്നു. ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തത് സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളുമാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇത്തതം സാക്ഷിമൊഴികള്‍ തന്നെ കുടുക്കാന്‍ മനപ്പൂര്‍വം കെട്ടിച്ചമച്ചതാണെ്ന്നും ദിലീപ് പറഞ്ഞു.
എന്നാല്‍ ഫൊറന്‍സിക് പരിശോധനയിലൂടെ വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളടക്കം കൈയിലുള്ളതിനാല്‍ ദിലീപ് നല്‍കിയ മൊഴികള്‍ നാളെ നടക്കുന്ന വിശദമായ ചോദ്യം ചെയ്യലില്‍ ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്തില്‍ ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യാവലിക്ക് ദിലീപ് നല്‍കിയ മറുപടികള്‍ ഇന്നലെ രാത്രി വിശകലനം ചെയ്ത ശേഷമാണ് ഇന്ന് ദിലീപിനോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്.
അതേസമയം അഡ്വ. രാമന്‍പിള്ളയുടെയും സഹഅഭിഭാഷകരുടെയും മുമ്പാകെ ഇന്നലെ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴികള്‍ വിശദീകരിക്കുകയും നാളെ വന്നേക്കാവുന്ന സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് നല്‍കേണ്ട മറുപടികള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തുകൊണ്ടാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനെ ദിലീപ് അഭിമുഖീകരിക്കുക. ദിലീപിന്റെ മറുപടികള്‍ തെളിവുകളുമായി പൊരുത്തപ്പെടാത്തതാണെങ്കില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിചാരണ കോടതിയുടെ അനുമതി അന്വേഷണ സംഘം തേടിയേക്കും.
ദിലീപ് നല്‍കുന്ന മൊഴികള്‍ കൂടി പരിഗണിച്ചാകും കേസിലെ സാക്ഷിയായിരുന്ന കാവ്യാമാധവനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൂറുമാറിയ സാക്ഷി സാഗര്‍, ദൃശ്യങ്ങള്‍ കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ ശരത് എന്നിവരടക്കം ഏതാനും പേരെ കൂടി ചോദ്യം ചെയ്യാനുള്ളതിനാല്‍ തുടരേേന്വഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിചാരണ കോടതിയോട് ആവശ്യപ്പെടാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
ഉച്ചക്ക് 11.30 ഓടെയാണ് ദിലീപ് ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. എ ഡി ജി പി ശ്രീജിത്തിന് പുറമെ എസ് പി എം ജെ സോജനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസും ചോദ്യം ചെയ്യലിന് ഉണ്ടായിരുന്നു. വൈകീട്ട് ആറര വരെ ചോദ്യം ചെയ്യല്‍ നീണ്ടു. നാളെ 11 മണിക്ക് ഹാജരാകാനാണ് ദിലീപിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.