ദുബായ് - രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ യു.എ.ഇയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഒരു സ്വദേശി യുവാവ്. തന്നെയും സഹോദരങ്ങളേയും പോറ്റി വളർത്തിയ, 36 വർഷമായി തന്റെ കുടുംബത്തോടൊപ്പം കഴിയുന്ന ശ്രീലങ്കൻ വീട്ടുജോലിക്കാരിയെ അവരുടെ ഭർത്താവ് മരിച്ച ഘട്ടത്തിൽ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിൽക്കുന്ന ഘട്ടത്തിൽ, മരണ വിവരം അറിയിക്കാതെ അവരെ സമാശ്വസിപ്പിച്ച് നാട്ടിലേക്ക് തിരികെ അയക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. സ്വന്തം ഭർത്താവിന്റെ മരണ വാർത്ത കേട്ടാൽ ആ വളർത്തമ്മ തകർന്നു പോകുമെന്നു മനസ്സിലാക്കിയ യുവാവ് അവരറിയാതെ വിമാന ടിക്കറ്റ് എടുത്ത് ഒടുവിൽ ഭർത്താവിന് സുഖമില്ല, നാട്ടിൽ പോയി തിരിച്ചു വരൂ എന്നു ഒരു വിധം പറഞ്ഞാശ്വസിപ്പിച്ചാണ് യാത്രയാക്കിയത്. തന്റെ ഭർത്താവിന് എന്തു പറ്റിയെന്ന് ആധിയോടെ ചോദിക്കുന്ന ആ അമ്മയെ നെറുകയിലും കയ്യിലും ചുംബിച്ചാണ് അല്ലാഹുവിന്റെ വിധി അന്തിമമായിരിക്കുമെന്ന് പറഞ്ഞ് യുവാവ് ആശ്വസിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ ഇതിനകം രണ്ടര ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു. 36 വർഷമായി യുവാവിന്റെ കുടുംബത്തോടൊപ്പം ഒരു അംഗത്തെ പോലെ കഴിയുകയായിരുന്നു ശ്രീലങ്കക്കാരിയായ ഈ അമ്മ. കുട്ടിക്കാലത്ത് തന്നെയും സഹോദരങ്ങളേയും സ്വന്തം മക്കളെ പോലെ പോറ്റിയത് ഇവരാണെന്നും യുവാവ് പറയുന്നു. കുട്ടിക്കാലത്ത് തനിക്കും സഹോദരങ്ങൾക്കും അടിച്ചുപൊളിക്കാൻ ഇവർ രഹസ്യമായി പണം നൽകുമായിരുന്നെന്നും ഇദ്ദേഹം ഓർത്തെടുക്കുന്നു.
ഭർത്താവിന്റെ മരണത്തെ തുടർന്ന് തിരിച്ചു പോയ അവരെ ഏറ്റെടുക്കാൻ താനും കുടുംബവും തയാറാണെന്നും യുവാവ് പറയുന്നു. തിരിച്ചു വന്നാൽ ഒരു ജോലിക്കാരിയായല്ല, വീട്ടിലെ ഒരംഗത്തെ പോലെ അവർക്ക് എന്റെ കുടുംബത്തോടൊപ്പം കഴിയാമെന്നും അദ്ദേഹം പറയുന്നു. അവർ ഞങ്ങൾക്കു നൽകിയ സ്‌നേഹം തിരിച്ചു പ്രകടിപ്പിക്കാൻ ലഭിച്ച ചെറിയൊരു അവസരമായാണ് ഈ ക്ഷണത്തെ കാണുന്നതെന്നും യുവാവ് പറയുന്നു.