മലപ്പുറം- ഏറ്റവും അർഹതപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി പരസ്പര സഹകരണത്തോടെ സമൂഹ നന്മക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷൻ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. റീഹാറ്റ് നിലമ്പൂർ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ചാത്തമുണ്ടയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച 27 വീടുകൾ ഉൾക്കൊള്ളുന്ന പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീപ്പിൾസ് വില്ലേജ് ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വീടുകൾ ഔദാര്യമല്ല അവകാശമാണെന്നും വളരെ ആത്മാഭിമാനത്തോടെ അന്തസുയർത്തി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷനായിരുന്നു. ഇതിനകം 1000 ലേറെ വീടുകൾ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച് കൈമാറിയതായി അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് ടി. ആരിഫലി എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. വില്ലേജിന്റെ ഭാഗമായുള്ള കമ്യൂണിറ്റി സെന്റർ ഉദ്ഘാടനം പി.വി. അൻവർ എം.എൽ.എയും, കുടിവെള്ള പദ്ധതി ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും നിർവഹിച്ചു. സമയബന്ധിതമായി വില്ലേജ് നിർമ്മാണം പൂർത്തിയാക്കിയ റാഹിൽ ബിൽഡേഴ്‌സ് എം.ഡി ഷമീർ, ടെക്‌നിക്കൽ അഡൈ്വസർ അയ്യൂബ് തിരൂർ എന്നിവർക്കുള്ള ഉപഹാര സമർപ്പണം എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. വില്ലേജിലെ റോഡ് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പോത്ത് കല്ല് പുതുതായി നിർമിക്കുന്ന പീപ്പിൾസ് വില്ലേജ് പദ്ധതി രേഖ സമർപ്പണം ഇംപക്‌സ് മാനേജിംഗ് ഡയറക്റ്റർ സി. നുവൈസ് പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ സഫിയാ അലിക്ക് നൽകി നിർവഹിച്ചു. ബിൾഡോവ വെഞ്ചേഴ്‌സ്, കോ എർത്ത് ഇനിഷ്യേറ്റിവ് എന്നിവക്കുള്ള ഉപഹാരം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി സമർപ്പിച്ചു.
ഇംപെക്‌സ് മാനേജിംഗ് ഡയറക്ടർ സി. നുവെസ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, നിലമ്പൂർ മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ്, സംസ്ഥാന മധ്യ നിരോധന സമിതി സെക്രട്ടറി ഫാ. മാത്യുസ് വട്ടിയാനിക്കൽ, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സലിം എടക്കര, നജാത്തുൽ അനാം അറബിക് കോളേജ് പ്രിൻസിപ്പൽ അലി ശാക്കിർ മുണ്ടേരി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മലപ്പുറം ജില്ലാ പ്രസിഡന്റ് പി. ഫാത്തിമ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് സ്വാഗതവും, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ അലി കരക്കാപറമ്പ് നന്ദിയും പറഞ്ഞു.
നിലമ്പൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ReHAT NILAMBUR (Rehabilitation and Habitat Arrangement Task). ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫയർ ട്രസ്റ്റും, പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളായ ഇംപെക്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ വാസയോഗ്യമായ ഭൂമിയില്ലാത്തവർക്ക് വേണ്ടി പീപ്പിൾസ് ഫൗണ്ടേഷൻ, മറ്റ് ഏജൻസികളുടെ സഹായത്തോടെ വാങ്ങിയ 1.75 ഏക്കർ ഭൂമിയിലാണ് 27 വീടുകൾ നിർമിച്ചു നൽകുന്നത്. ഇതുൾപ്പടെ റിഹാറ്റ് പദ്ധതിയിലൂടെ ഭവനരഹിതരായ 76 കുടുംബങ്ങൾക്കാണ് വാസയോഗ്യമായ വീടൊരുക്കിയത്. ഭവനരഹിതരും നിരാലംബരുമായ കുടുംബങ്ങളെ സൗകര്യങ്ങളുടെയും സന്തോഷത്തിൻറെയും ലോകത്തേക്ക് കൈപ്പിടിച്ചുയർത്താൻ ഈ പദ്ധതിയിലൂടെ പീപ്പിൾസ് ഫൗണ്ടേഷന് സാധ്യമായിട്ടുണ്ട്.
സ്വന്തമായി വാസയോഗ്യമായ സ്ഥലമുള്ള എന്നാൽ വീടില്ലാത്തവർക്കുള്ള വീട് നിർമാണവും, പ്രളയത്തിൽ നഷ്ടം സംഭവിച്ച നിലമ്പൂർ താലൂക്കിലെ 259 ചെറുകിട കച്ചവടക്കാർക്ക് സംരംഭങ്ങൾ പുനരുദ്ധരിക്കുന്നതിന് ഒരു കോടി രൂപയുടെ ധനസഹായവും റീഹാറ്റ് നിലമ്പൂർ ഒന്നാം ഘട്ട പദ്ധതിയിൽ നൽകുകയുണ്ടായി. ഇതിനു പുറമെ സർക്കാർ സഹായം ലഭിച്ച 25 കുടുംബങ്ങൾക്ക് വീട് പൂർത്തീകരിക്കുന്നതിനുള്ള സഹായവും നൽകി. അടിസ്ഥാന സൗകര്യ വികസനം, സ്വയം തൊഴിൽ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണം, വാണിജ്യകേന്ദ്രങ്ങൾ സ്ഥാപിക്കൽ, പൊതുസ്ഥലങ്ങൾ വികസിപ്പിക്കൽ തുടങ്ങിയവയും റീഹാറ്റ് നിലമ്പൂരിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.