Sorry, you need to enable JavaScript to visit this website.

റെന്റ് എ കാർ സ്ഥാപനങ്ങളിൽ ഇന്നു മുതൽ സൗദിവൽക്കരണം

റിയാദ് - റെന്റ് എ കാർ സ്ഥാപനങ്ങൾ ഇന്നു മുതൽ നിർബന്ധിത സൗദിവൽക്കരണത്തിന്റെ പരിധിയിൽ. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിന് ശ്രമിച്ചാണ് റെന്റ് എ കാർ മേഖലയിലെ തൊഴിലുകൾ സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. റെന്റ് എ കാർ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ്, സൂപ്പർവൈസിംഗ്, സെയിൽസ്, റസീവിംഗ്, ഡെലിവറി എന്നീ തൊഴിലുകളാണ് സ്വദേശിവൽക്കരിക്കുന്നത്. ഈ മേഖലയിൽ തൊഴിൽ തേടുന്ന സൗദികൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും സൗജന്യ പരിശീലനം നൽകുന്നുണ്ട്. സ്വയം തൊഴിൽ പദ്ധതിയെന്നോണം സ്വന്തം നിലക്ക് റെന്റ് എ കാർ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സാങ്കേതിക പിന്തുണ നൽകുകയും ലഘുവായ്പകൾ ലഭ്യമാക്കുകയും ചെയ്യും. തൊഴിലുടമകൾക്ക് യോഗ്യരായ ഉദ്യോഗാർഥികളെയും, ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് എംപ്ലോയ്‌മെന്റ് ഫോറങ്ങളും സംഘടിപ്പിക്കും. ഈ ലക്ഷ്യത്തോടെ നാഷണൽ ലേബർ ഗേറ്റ്‌വേയും പ്രയോജനപ്പെടുത്തും. 
വിദേശികളെ വിലക്കുന്നതിനും നിയമ ലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ശക്തമായ പരിശോധനകളും നടത്തും. സൗദിവൽക്കരണ നിയമം ലംഘിച്ച് വിദേശികളെ ജോലിക്ക് വെക്കുന്ന റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് 20,000 റിയാൽ വീതം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. തൊഴിൽ വിപണിയിലെ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു. 

ശക്തമായ ശ്രമം നടത്തിയിട്ടും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയർന്ന പശ്ചാത്തലത്തിൽ പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 11 മുതൽ മൂന്ന് ഘട്ടങ്ങളായി ഇത് നടപ്പാക്കും. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-ജെന്റ്‌സ് ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കൽ നിർബന്ധമാണ്. ഇത്തരം സ്ഥാപനങ്ങളിൽ വിദേശികൾ ജോലി ചെയ്യുന്നതിന് പൂർണ വിലക്കുണ്ടാകും. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വിദേശ തൊഴിലാളികൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇത്തരം കടകളിലെ കാഷ്യർ തസ്തികകൾ മാത്രമല്ല, മുഴുവൻ തൊഴിലുകളും സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനമെന്ന് ഖാലിദ് അബൽഖൈൽ പറഞ്ഞു.
 

Latest News